തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അട്ടിമറി സാധ്യത സംബന്ധിച്ച് അന്വേഷണം വേണമെന്ന് അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രമായ പൊലീസ് അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പല കെട്ടിടങ്ങൾക്കും തീ പ്രതിരോധിക്കാനുളള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ, ഇവ കണ്ടെത്താൻ വേഗത്തിൽ നടപടി സ്വീകരിക്കണം. അഗ്നിശമന സേനയെ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും, സേനയിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മാസത്തിൽ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് അഗ്നിശമന സേനാ മേധാവിയുടെ പ്രതികരണം.

കൊച്ചിയിൽ പാരഗൺ ടവേർസ് കെട്ടിടം, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ്, എടവണ്ണയിൽ പെയിന്റ് ഗോഡൗൺ, കേരള ഹൈക്കോടതിക്ക് സമീപം മംഗളവനം തുടങ്ങിയവയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിക്ക് ഇരയായത്.

ഇതിനുപുറമേ വയനാട് വന്യജീവി സങ്കേതത്തിലും കഴിഞ്ഞദിവസം തീപിടിത്തമുണ്ടായി. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ബന്ദിപ്പുര്‍ കടുവ സംരക്ഷണകേന്ദ്രത്തില്‍ ഏക്കറുകണക്കിന് വനമാണ് തീപിടിത്തത്തില്‍ കത്തിയമര്‍ന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.