തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച് പരിഹസിച്ചുകൊണ്ടുള്ള എഡിറ്റോറിയലിൽ വിശദീകരണവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. മുഖപ്രസംഗത്തിൽ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അതെന്ന് ദേശാഭിമാനിയുടെ റെസിഡന്‍റ് എഡിറ്റർ പി.എം.മനോജ് ഫെയ്സ്ബുക്കിൽ പോസ്റ്റിലൂടെ വിശദീകരിച്ചു.

അമേഠിയില്‍ പരാജയഭീതികൊണ്ടാണ് രാഹുല്‍ വയനാട് മത്സരിക്കുന്നത് എന്ന ബിജെപി വിമര്‍ശനത്തെ അതേപടി പകര്‍ത്തിയ രീതിയിലായിരുന്നു ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് മത്സരിച്ചപ്പോള്‍ രണ്ട് ലക്ഷം വോട്ടിന്റെ കുറവാണ് രാഹുലിന് ഉണ്ടായതെന്നും അതിനാല്‍ ഇത്തവണയും അങ്ങനൊരു സാഹചര്യമുണ്ടായാല്‍ നാണംകെട്ട തോല്‍വി ഉറപ്പാണെന്നും ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

Also Read: ബിജെപി സ്‌റ്റൈലില്‍ ദേശാഭിമാനി എഡിറ്റോറിയല്‍; രാഹുലിനെ ‘പപ്പു’വെന്ന് വിളിച്ച് പരിഹാസം

എന്നാൽ രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ലയെന്ന് പിഎം മനോജ് പറയുന്നു. എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ദേശാഭിമാനി എഡിറ്ററുമായും പി.രാജീവിന്റെ പേര് വലിച്ചിഴച്ചതിനെയും ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.

‘കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിനെതിരെ വിമർശനവുമായി വി.ടി.ബൽറാം എംഎൽഎയാണ് രംഗത്തെത്തിയത്. ഒരു മുഖ്യധാരാ ദിനപത്രം അതിന്‍റെ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്നായിരുന്നു ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.