തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യുനമര്‍ദം (Low Pressure) തീവ്രന്യൂനമര്‍ദം (Depression) ആയി മാറിയ സാഹചര്യത്തിൽ ശക്തമായ മുൻകരുതലുമായി സംസ്ഥാന സർക്കാർ. തീരദേശത്ത് തുടരുന്ന ജാഗ്രതാനിർദേശം ഈ മാസം 15 വരെ നീട്ടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചേർന്ന സംസ്ഥാനദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗത്തിന്റേതാണ് തീരുമാനം.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒരു മത്സ്യത്തൊഴിലാളിയും കടലിൽ പോകരുത്. തെക്കൻ കേരളത്തിൽ ശക്തമായ മഴക്കും സാധ്യത ഉണ്ട്.

തീവന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ താഴെ പറയുന്ന മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്റ്റർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

1. എല്ലാ തീരദേശദുരിതാശ്വാസക്യാമ്പുകളും തയ്യാറാക്കി വയ്ക്കണം.

2. ദുരിതാശ്വാസക്യാമ്പുകളുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കൈയ്യില്‍ സൂക്ഷിക്കണം.

3. പരീക്ഷ നടക്കുന്ന ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം.

4. എല്ലാ തുറമുഖങ്ങളിലും സിഗ്നൽ നമ്പർ 3 ഉയര്‍ത്തുക.

5. അടിയന്തിരഘട്ടങ്ങളെ നേരിടാൻ കെ എസ് ഇ ബി ഓഫീസുകൾ സജ്ജമാക്കണം.

6. തീരദേശതാലൂക്ക് കൺട്രോൾ റൂമുകൾ 15-03-2018 വരെ പ്രവര്‍ത്തിക്കണം.

തെക്കൻ കേരളത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രാവിലെ മുതൽ മൂടപ്പെട്ട കാലാവസ്ഥയാണ്. ഇവിടെ വിവിധയിടങ്ങളിൽ മഴയും പെയ്യുന്നുണ്ട്. കൂടുതൽ ശക്തമായി മഴ പെയ്യാനുളള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തുളളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം തിരുവനന്തപുരത്ത് യോഗം പുരോഗമിക്കുകയാണ്. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള തീരത്തോട് ചേർന്ന് കാറ്റ് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗം പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ