കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് അതിതീവ്ര ന്യൂനമർദ്ദം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപിനോട് ചേർന്നും, തെക്കൻ അറബിക്കടലിലും, തെക്ക് കിഴക്കൻ അറബിക്കടലിലും, മദ്ധ്യ അറബിക്കടലിലും, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും നവംബർ 20 വരെ മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ പോകാൻ പാടില്ല.
അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം ഇതേ തീവ്രതയിൽ തുടരുവാനും പിന്നീട് തീവ്രത കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി (depression) മാറുവാനും സാധ്യതയേറെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു-കിഴക്ക് അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്.
ഇന്ന് രാവിലെ 5.30 ന് തെക്കുകിഴക്കൻ അറബിക്കടലിൽ 10.3 N അക്ഷാംശത്തിലും 69.3 E രേഖാംശത്തിലുമായി കവരത്തിയിൽ നിന്ന് പടിഞ്ഞാറ് -തെക്ക് പടിഞ്ഞാറു ദിശയിൽ 330 കിലോമീറ്റർ ദൂരത്തിലും അഗത്തിയിൽ നിന്ന് പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് ദിശയിൽ 320 കിലോമീറ്റർ ദൂരത്തിലും സൊകോത്രയിൽ നിന്ന് കിഴക്ക്- തെക്കുകിഴക്ക് ദിശയിൽ 1730 കിലോമീറ്റർ ദൂരത്തിലും നിലകൊണ്ടു.
അടുത്ത 48 മണിക്കൂറിൽ ഇത് പടിഞ്ഞാറു-വടക്കുപടിഞ്ഞാറ് ദിശയിൽ ലക്ഷദ്വീപിൽ നിന്ന് അകലേക്ക് സഞ്ചരിക്കുവാൻ സാധ്യതയേറെയാണ്.