തിരുവനന്തപുരം: സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച് വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത. ഏറ്റവും അവസാനമായി പുറത്തിറക്കിയ പ്രചാരണം സ്ത്രീകളും പുരുഷൻമാരും അടക്കം വലിയൊരു വിഭാഗം ഏറ്റെടുത്തു. ‘അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും അത് അംഗീകരിക്കാത്തവരോട് ഇനി വേണ്ട വിട്ടുവീഴ്‌ച,’ എന്നുമാണ് വനിത, ശിശു വികസന വകുപ്പ് ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.
“ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോയെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങൾ മുൻനിർത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്,” വനിത, ശിശു വികസന വകുപ്പ് വ്യക്തമാക്കി.
‘സ്ത്രീ ആയതുകൊണ്ട് മാത്രം ആരോടും, ഒന്നിനോടും വിട്ടുവീഴ്‌ച വേണ്ട’ എന്നാണ് വനിത, ശിശു വികസന വകുപ്പ് ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യംവയ്‌ക്കുന്ന ആശയം. ‘നീ ഒരു പെണ്ണല്ലേ, അതങ്ങ് വിട്ടുകള…,’ ‘സ്‌നേഹംകൊണ്ടല്ലേ അവൻ തല്ലിയത്, വിട്ടുകള…,’ തുടങ്ങിയതിനോടൊന്നും യാതൊരു വിട്ടുവീഴ്‌ചയും വേണ്ടെന്നാണ് ഇത്തരം ക്യാംപയിനുകളിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കിടയിൽ ഇതിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.