കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥി പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ബിഹാറിലെ ടാക്സി ഡ്രൈവർ മനേഷ് കുമാറാണ് പിടിയിലായത്.
മാനസയെ കൊലപ്പെടത്തിയ ശേഷം ജീവനൊടുക്കിയ രഖിൽ ബിഹാർ മുന്ഗര് ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലുള്ള സോനു കുമാര്‍ മോദിയിൽനിന്നാണ് തോക്ക് വാങ്ങിയത്. രഖിലിനെ സോനു കുമാറിന്റെ അടുത്ത് എത്തിച്ചയാളാണ് മനേഷ് കുമാർ. ഇന്നലെ അറസ്റ്റ് ചെയ്ത സോനു കുമാറിനെ പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കും.
രഖില്‍ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് വാങ്ങിച്ചത് ബിഹാറില്‍ കള്ളത്തോക്ക് ഉണ്ടാക്കുന്നവരില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് സംഘം ബിഹാറിലേക്കു പോയത്. അറുപതിനായിരത്തിലധികം വില വരുന്ന പിസ്റ്റളാണ് വാങ്ങിയതെന്ന് പൊലീസ് അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കോതമംഗലം എസ്ഐ മാഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോനു കുമാറിനെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സോനു കുമാറിനെ ഇന്നലെ മുൻഗർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോതമംഗം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ ട്രാൻസിറ്റ് വാറന്റ് വാങ്ങുന്നതിനുവേണ്ടിയായിരുന്നു.
സോനു കുമാറുമായി ഒരു പൊലീസ് സംഘം കൊച്ചിയിലേക്കു തിരിച്ചപ്പോൾ മറ്റൊരു സംഘം ബിഹാറിൽ തുടരുകയായിരുന്നു. ഇവരാണ് മനേഷ് കുമാറിനെ പിടികൂടിയത്.
ജൂലൈ 31നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ, താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്. പിന്നാലെ രഖിലും ജീവനൊടുക്കുകയായിരുന്നു.
Also Read: കോതമംഗലത്ത് ഡെന്റൽ വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി