കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴിയിലെ ഇന്ദിരഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കണ്ണൂർ നാറാത്ത് സ്വദേശി പിവി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയ്ക്കുനേരെ വെടിയുതിർത്ത തലശേരി മേലൂർ സ്വദേശി രാഖിലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മാനസയെ കൊലപ്പെടുത്തിയശേഷം രാഖിൽ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോളജിനു സമീപം മാനസ താമസിക്കുന്ന വീട്ടിലെത്തിയാണ് രാഖിൽ വെടിയുതിർത്തത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.
രാഖിൽ എത്തുമ്പോൾ മാനസയും മറ്റു രണ്ടു പെൺകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഖിൽ മാനസയെ ബലമായി മുറിയിലേക്കു പിടിച്ചുകൊണ്ടുപോകുകയും തുടർന്ന് വാക്കേറ്റമുണ്ടാകുകയും ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം. പിന്നാലെ വെടിശബ്ദമുണ്ടായി.
ഭയന്ന മറ്റു പെൺകുട്ടികൾ തൊട്ടടുത്തു താമസിക്കുന്ന വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും ഓടിയെത്തി. തുടർന്ന് മാനസയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചതായാണ് വിവരം. മാനസയുടെ ചെവിക്കു പുറകിലാണു വെടിയേറ്റത്.
പൊലീസ് എത്തുമ്പോഴേക്കും മാനസയെ ആശുപത്രിയിലെത്തിച്ചിരുന്നു. വെടിയുതിർക്കാനുപയോഗിച്ച തോക്ക് വീടിനുള്ളിൽ പൊലീസ് കണ്ടെത്തി. ബാലസ്റ്റിക് വിഗ്ധർ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തുണ്ട്.
രാഖിൽ തോക്ക് ലഭിച്ചത് എവിടെ നിന്നാണ് ഇക്കാര്യത്തിൽ ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
രാഖിൽ നേരത്തെ മാനസയെ ശല്യപ്പെടുത്തിയിരുന്നതായും ഇതുസംബന്ധിച്ച് മാനസയുടെ വീട്ടുകാർ പൊലീസിൽ നൽകിയിരുന്നതായുമാണ് അവിടുത്തുകാരിൽനിന്നുള്ള വിവരം. ഇനി ശല്യം ചെയ്യില്ലെന്ന് പൊലീസ് മുൻപാകെ ഉറപ്പുനൽകിയതിനെത്തുടർന്ന് പരാതി ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
രാഖിൽ ഒരു മാസമായി, മാനസ താമസിക്കുന്ന നെല്ലിക്കുഴിയിലെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നുവെന്നും വിവരമുണ്ട്.
വിമുക്തഭടനും ഹോം ഗാർഡുമായ നാറാത്ത് രണ്ടാം മൈൽ പാർവണത്തിൽ മാധവന്റെയും പുതിയ തെരു രാമഗുരു സ്കൂൾ അധ്യാപിക സബിതയുടെയും മകളാണ് മാനസ. സഹോദരൻ അശ്വന്ത് വിദ്യാർഥിയാണ്. ഒരു മാസം മുൻപാണ് മാനസ കോളജിൽനിന്ന് വീട്ടിൽ വന്നത്.
തലശേരി മേലൂർ ചകിരിക്കമ്പനിക്കു സമീപം താമസിക്കുന്ന രഘൂത്തമന്റെയും രജിതയുടെയും മകനാണ് രാഖിൽ. എംബിഎ പഠനത്തിനുശേഷം സുഹൃത്തുമൊത്ത് ഇന്റീരിയൽ ഡിസൈനിങ് ജോലി ചെയ്തുവരികയായിരുന്നു. സഹോദരൻ രാഹുൽ.
ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
Also Read: പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ