കോഴിക്കോട്: തേജസ് ദിനപത്രം സർക്കാർ പരസ്യം നിഷേധത്തെ തുടർന്ന സാമ്പത്തിക ബാധ്യതയിൽപ്പെട്ട് അടച്ചു പൂട്ടുന്നു. പ്രവർത്തനമാരംഭിച്ച് പന്ത്രണ്ട് വർഷം പിന്നിടുമ്പോഴാണ് സർക്കാരിന്റെ കടുത്ത നിലപാട് മൂലം തേജസ് പൂട്ടുന്നത്. ഡിസംബർ 31ന് ശേഷം പത്രം പ്രസിദ്ധീകരിക്കില്ല.
കേരളത്തിൽ അഞ്ച് എഡിഷനുകളാണ് തേജസ്സിന് ഉളളത്. വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറോളം സ്ഥിരം ജീവനക്കാരടക്കം 250ഓളം ജീവനക്കാരുളള സ്ഥാപനമാണ് അടച്ചു പൂട്ടുന്നത്. കോഴിക്കോട് ആസ്ഥാനമാക്കിയ തേജസ്സിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യൂണിറ്റുകളുളളത്. ഇന്ത്യയക്ക് പുറത്ത് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലുണ്ടായി രുന്ന എഡിഷനുകൾ സാമ്പത്തി പ്രതിസന്ധിയെ തുടർന്ന് 2016, 2017 വർഷങ്ങളിലായി അടച്ചുപൂട്ടിയിരുന്നു.
“നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ട് അന്തസ്സോടെ തലയുയര്‍ത്തി പിടിച്ചു തന്നെ തല്‍ക്കാലം ഞങ്ങള്‍ പിന്‍വാങ്ങുന്നു. 2018 ഡിസംബര്‍ 31 ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുകയാണ്” എന്ന് തേജസ് മാനേജ്മെന്റ് അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
സർക്കാർ പരസ്യം തരാതിരുന്നിട്ടും നടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നുവെങ്കിലും പ്രതിസന്ധികൾ രൂക്ഷമാവുകയും സർക്കാർ പരസ്യം ലഭിക്കാത്തത് സ്വകാര്യ പരസ്യങ്ങളെയും ബാധിച്ചതായി തേജസ് പ്രസാധകരായ ഇന്റർമീഡിയ പബ്ലിഷേഴ്സ് ചെയർമാനും പോപ്പുലർ ഫ്രണ്ട് പ്രസിഡന്റുമായ നാസറുദ്ദീൻ എളമരം പറഞ്ഞു. പരസ്യ ലഭ്യത കുറവ് പത്രത്തിന് കടുത്ത ബാധ്യതകളാണ് വരുത്തിയത്. ഈ അവസ്ഥയിൽ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ് അതിനാലാണ് ഇത് നിർത്തുന്നത്. പക്ഷേ വാരികയായും വെബ് എഡിഷനായും തേജസ് തുടരുമെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി തേജസിന് പരസ്യം നൽകുന്നത് സർക്കാർ നിർത്തിവെച്ചിരുന്നു 2010 മെയ് 14ന് കേരളത്തിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ് തേജസിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവച്ചത്. യാതൊരു മുന്നറിയിപ്പോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കാതെ പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ല എന്ന കാരണത്താല്‍ കേന്ദ്രസര്‍ക്കാരും പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കുകയായിരുന്നുവെന്ന് തേജസ് മാനേജ്മെന്റ് ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 2009 നവംബര്‍ 18 ന് അയച്ച ഒരു സര്‍ക്കുലറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി 2012 ജൂലൈ 26 ന് നല്‍കിയ ഒരു കത്തുമാണ് പരസ്യനിഷേധത്തിന് ആധാരമായി പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റ ദേശീയോദ്ഗ്രഥന വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കുലറില്‍ തേജസിന് സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയതാണ്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെയും വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെയും നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തേജസിന്റെ നിലപാടുകളെയും വാര്‍ത്തകളെയും സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായും മാനേജിങ്ങ് ഡയറക്ടർ ഫായിസ് മുഹമ്മദ്, ഡയറക്ടർ ബോർഡ് അംഗം എം ഉസ്മാൻ, എഡിറ്റർ കെ എച്ച് നാസർ എന്നിവർ പറഞ്ഞു.
മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പ്രതിനിധികള്‍ ബന്ധപ്പെട്ടവരെ പലതവണ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും നീതിനിഷേധം ബന്ധപ്പെവരെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി, പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി, ആഭ്യന്തരവകുപ്പു മന്ത്രി, ഇന്റലിജന്‍സ് മേധാവികള്‍ എന്നിവരെ കണ്ട് വിഷയം അവതരിപ്പിച്ചു. തദടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 08.09.2011 മുതല്‍ 25.08.2012 വരെ ഒരു വര്‍ഷത്തില്‍ താഴെ പരസ്യം നല്‍കി. വീണ്ടും നിര്‍ത്തിവച്ചു. വീണ്ടും സമ്മര്‍ദഫലമായി 29.12.2012 മുതല്‍ പരസ്യം ലഭിച്ചുതുടങ്ങിയെങ്കില്‍ 19.03.2013ല്‍ അതും നിര്‍ത്തി. യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേജസിന് പരസ്യം നല്‍കാന്‍ പിആര്‍ഡിക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയെങ്കിലും രണ്ടു ദിവസം മാത്രം സര്‍ക്കാര്‍ പരസ്യം നല്‍കി വീണ്ടും നിര്‍ത്തി.
പരസ്യനിഷേധത്തിനെതിരേ ഹൈക്കോടതിയില്‍ കേസ് നൽകി. 23.06.2015 ലെ ഹൈക്കോടതി വിധിയില്‍ ഒരു പ്രാഥമിക സൂക്ഷ്മപരിശോധനാ സമിതിയും ഉന്നതതല സമിതിയും രൂപീകരിച്ച്, തേജസിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിധി പുറപ്പെടുവിച്ച് ഏറെനാള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ട സമിതി, തേജസ് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും വര്‍ഗീയവിഭജനം സൃഷ്ടിച്ചേക്കാം എന്ന നിഗമനത്തിലെത്തി പരസ്യങ്ങള്‍ നിര്‍ത്തിവച്ച നടപടി തുടരാമെന്ന് ശുപാര്‍ശചെയ്തു. അതോടെ കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ന്നിരുന്ന പരസ്യനിഷേധം ഉറപ്പിക്കുകയായിരുന്നു.
ഇതിന് പുറമെ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍, അക്രഡിറ്റേഷന്‍ ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് പിണറായി വിജയൻ സർക്കാർ തീരുമാനമെടുത്തു. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചിട്ടും കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തുകയും നേതാക്കള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അവർ പറഞ്ഞു.
തേജസ് 1997 ൽ മാസികയായിട്ടാണ് പ്രസിദ്ധീകരണമാരംഭിച്ചത്. പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം ദ്വൈവാരികയായി മാറി. 2006 ജനുവരി 26 നാണ് തേജസ് ദിനപത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കേരളത്തിൽ മുഖ്യധാര മാധ്യമങ്ങളിൽ അവഗണിക്കപ്പെട്ട് ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചതാണ് തേജസ്സിന് വായനക്കാരുടെ ഇടയിൽ അംഗീകാരം ലഭിക്കുന്നതിന് കാരണമായത്.
ഔദ്യോഗികമായി അവകാശപ്പെടുന്നില്ലായെങ്കിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളളവരാണ് തേജസ്സിന്റെ മാനേജ്മെന്റിൽ പലരും. എന്നാൽ എൻ പി ചേക്കുട്ടി, ജമാൽ കൊച്ചങ്ങാടി എന്നിങ്ങനെ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയത്തോട് ബന്ധമില്ലാതിരന്ന നിരവധി പേർ ഈ മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയലിൽ ഉൾപ്പടെ പ്രധാന സ്ഥാനങ്ങൾ വഹിച്ചു.