തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച്  ഇന്ന് മൂന്ന് പേർകൂടി മരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേരും, കോഴിക്കോട് ഒരാളുമാണ് പനി ബാധിച്ച് മരിച്ചത്. ഈ മാസം 25 പേരാണ് പനി ബാധിച്ച്  മരിച്ചത്. ഇന്ന് മാത്രം സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 183 പേർക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. 9 പേർക്ക് H1N1 രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി ബാധിച്ച്  സംസ്ഥാനത്തൊട്ടാകെ 23578 പേർ ചികിത്സ തേടിയിട്ടുണ്ട്.

പനി പടരുന്ന സാഹചര്യത്തിൽ എല്ലായിടത്തും മോണിറ്ററിങ്ങ് സെല്ലുകൾ തുറക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെല്ലുകൾ ഉടൻ തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനും മരുന്നുകളുടെ ലഭ്യത പരിശോധിക്കാനായിരിക്കും സെല്ലുകൾ പ്രവർത്തിക്കുക.

ഇന്നലെ സംസ്ഥാനത്ത് 680 പേർ ഡെങ്കി പനിക്ക് ചികിത്സ തേടിയിരുന്നു. 138 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും ഫലപ്രദമാകാത്തതും പനിമരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവ് കാരണം പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന മുഴുവന്‍ രോഗികളേയും ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യവും മിക്കയിടത്തും ഉണ്ട്.

പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക-സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ