തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികദിനമായ നവംബര്‍ എട്ടിന് സംസ്ഥാനത്തെമ്പാടും പ്രതിഷേധദിനമായി ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

“മോദി സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തു. ഇടതുപക്ഷം ചൂണ്ടിക്കാണിച്ചതുപോലെ മോദി സര്‍ക്കാരിന്റെ ഈ നടപടി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വിനാശകരമായ ഫലങ്ങളാണ് സൃഷ്ടിച്ചത്. നോട്ട് അസാധുവാക്കലിനായി മുന്നോട്ടുവച്ച ലക്ഷ്യങ്ങളൊന്നും നേടാനായില്ല. അസാധുവാക്കിയ നോട്ടുകള്‍ ഏതാണ്ട് പൂർണമായി ബാങ്കുകളില്‍ തിരിച്ചെത്തി.”

കുറ്റക്കാരായ ഒരാള്‍പോലും പിടിക്കപ്പെടാതെ കള്ളപ്പണമെല്ലാം വെളുപ്പിക്കപ്പെട്ടു. കള്ളനോട്ടുകള്‍ നിയമപരമായി തീര്‍ന്നു. കള്ളപ്പണക്കാരെ വെളിച്ചത്തുകൊണ്ടുവരാനെന്ന് പ്രചരണം നടത്തി നടപ്പിലാക്കിയ നോട്ട് നിരോധനം കോര്‍പ്പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും ഗുണമായി തീര്‍ന്നപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ദുരിതമാണ് സമ്മാനിച്ചത്. എത്ര കള്ളപ്പണം തിരിച്ചു പിടിച്ചെന്ന് പ്രധാനമന്ത്രിയും, ധനമന്ത്രിയും വ്യക്തമാക്കണമെന്നും വൈക്കം വിശ്വം പ്രസ്താവനയില്‍ പറയുന്നു.

സമ്പദ്ഘടന മെച്ചപ്പെടുത്താനെന്ന പേരില്‍ പൊതുമേഖലാ ബാങ്കുകളിലേക്ക് 2.11 ലക്ഷം കോടി രൂപ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബാങ്കുകളെ പ്രതിസന്ധിയിലേക്ക് നയിച്ച വന്‍കിട കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. കാര്‍ഷിക പ്രതിസന്ധിമൂലം ആത്മഹത്യയിലേക്ക് നീങ്ങുന്ന കര്‍ഷകരുടെ വായ്പ എഴുതിതള്ളാന്‍ വിസമ്മതിക്കുന്ന സര്‍ക്കാരാണ് വായ്പയെടുത്ത പണവുമായി രക്ഷപ്പെടുന്ന കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ രംഗത്തുവരുന്നത്. ജനങ്ങളുടെ പണമെടുത്താണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നത്.

ജീവിതം ദുഃസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും വളര്‍ന്നുവരുന്നുണ്ട്. ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി നവംബര്‍ 8-ന് പ്രതിഷേധദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവംബര്‍ 8-ന് തിരുവനന്തപുരത്തും എറണാകുളത്തും ആര്‍ബിഐ ഓഫീസിന് മുന്നിലും, മറ്റു ജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലെ എസ്ബിഐ. ഓഫീസിന് മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും.

ജീവിതദുരിതം അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ ചിന്താഗതിക്കാരും മുന്നോട്ട് വരണമെന്ന് വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.