മലപ്പുറം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ നോട്ടു ക്ഷാമത്തില്‍ നിന്നും നാട് കരകയറിയിട്ടില്ലെങ്കിലും കുഴല്‍പ്പണക്കാരുടെ കയ്യില്‍ യഥേഷ്ടം ലഭ്യം. മൂന്നാഴ്ചക്കിടെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1.64 കോടിയുടെ പുതിയ 2000 രൂപാ നോട്ടുകളാണ് കുഴല്‍പ്പണ വിതരണക്കാരില്‍ നിന്ന് പൊലീസ് പിടികൂടിയത്. നോട്ടു നിരോധനത്തെ തുടര്‍ന്ന് പാടെ തകര്‍ന്നേക്കുമെന്ന് കരുതപ്പെട്ടിരുന്ന ഹവാല പണമിടപാടുകാര്‍ വളരെ വേഗം തിരിച്ചെത്തിക്കഴിഞ്ഞു. പുതിയ 2000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് കുഴല്‍പ്പണ ഇടപാടു നടത്തുന്ന സംഘം ജില്ലയില്‍ സജീവമായിട്ടുണ്ടെന്ന് പൊലീസും പറയുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളിലും ഇടപാടിനു നിയന്ത്രണം നിലനില്‍ക്കെയാണ് വന്‍ തോതില്‍ പുതിയ നോട്ടുകളുപയോഗിച്ചുള്ള ഹവാല ഇടപാടുകള്‍ നടക്കുന്നത്.

ഇതോടെ കുഴല്‍പ്പണ വേട്ടയും സജീവമായി. ഞായറാഴ്ച മഞ്ചേരിയില്‍ നിന്ന് പൊലീസ് പിടികൂടിയത് 72 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ്. ഒരാഴ്ച മുമ്പാണ് മഞ്ചേരിയില്‍ നിന്നു തന്നെ 52 ലക്ഷം രൂപയുടെ പുതിയ കറന്‍സികള്‍ പൊലീസ് പിടികൂടിയത്. ഡിസംബര്‍ അവസാന വാരം 40 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ടയും നടന്നു. പിടിച്ചെടുത്ത പുതിയ നോട്ടുകളുടെ സീരീസുകള്‍ പരിശോധിച്ച് നോട്ടിന്റെ സ്രോതസ്സു കണ്ടെത്താനുള്ള നീക്കത്തിലാണു പൊലീസ്. പിടികൂടിയ പണം എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറുകയാണ് പതിവ്. ഇന്റലിജന്‍സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മുംബൈ, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ നോട്ട് എത്തിക്കുന്നതെന്നാണു പ്രാഥമിക വിവരം. ജില്ലയില്‍ പെരിന്തല്‍മണ്ണ, മഞ്ചേരി, പൂക്കോട്ടൂര്‍, മോങ്ങം, കൊണ്ടോട്ടി, തിരൂര്‍ എന്നിവിടങ്ങളിലാണ് കുഴല്‍പ്പണ ഇടപാടുകാര്‍ സജീവമെന്ന് പൊലീസ് പറയുന്നു.

‘പിടിയിലാവരെല്ലാം വെറും കാരിയര്‍മാര്‍ മാത്രമാണ്. ഇവര്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സ്രോതസ്സ് വേഗത്തില്‍ കണ്ടെത്താനാവില്ല. ഇവര്‍ക്കു പോലും വ്യക്തമായ സൂചനകള്‍ നല്‍കാതെയാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത്. പിടികൂടിയ ശേഷം ഇത്തരം കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. പിടിയിലായവര്‍ കോടതിയില്‍ നിന്ന് വേഗത്തില്‍ ജാമ്യം സമ്പാദിക്കുകയും ചെയ്യുന്നു,’ മലപ്പുറം ഡി വൈ എസ് പി, പി എം പ്രദീപ് പറഞ്ഞു. മഞ്ചേരിയില്‍ നിന്നും ഞായറാഴ്ച 72 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടിയത് പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു. ‘മുംബൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലെ പുതു തലമുറാ ബാങ്കുകള്‍ വഴിയാണ് ഹവാല ഇടപാടുകാര്‍ പണം ശേഖരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പെരിന്തല്‍മണ്ണ, മഞ്ചേരി, പൂക്കോട്ടൂര്‍, മോങ്ങം, കൊണ്ടോട്ടി, തിരൂര്‍ എന്നിവിടങ്ങളിലാണ് കുഴല്‍പ്പണ ഇടപാടുകാര്‍ സജീവമെന്ന് പൊലീസ് പറയുന്നു. ജില്ലയിലൊട്ടാകെ പൊലീസ് നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നോട്ടു നിരോധനം തങ്ങളുടെ ബിസിനസിന് വലിയ ആഘാതമുണ്ടാക്കിയിട്ടില്ലെന്ന് പേരു വെളുപ്പെടുത്താതെ ഒരു ഇടപാടുകാരന്‍ സമ്മതിച്ചു. ‘ഒരു മാസത്തെ ചെറിയൊരു പ്രയാസം മാത്രമേ നോട്ടു നിരോധനം മൂലം ഉണ്ടായിട്ടുള്ളൂ. ഇപ്പോള്‍ ബിസിനസ് പൂര്‍വസ്ഥിതിയിലായിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ്, റവന്യു ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതാല്‍ വളരെ കരുതിയാണ് നീക്കങ്ങള്‍,’ അദ്ദേഹം പറഞ്ഞു.

വലിയ ചെലവില്ലാതെ വളരെ വേഗത്തില്‍ ഗള്‍ഫില്‍ നിന്നും പണം നാട്ടിലെത്തിക്കാമെന്നതിനാല്‍ വലിയ വരുമാനമില്ലാത്ത സാധാരണക്കാരായ പ്രവാസികളിൽ അധികപേരും കുഴല്‍പ്പണ ഇടപാടുകാര്‍ മുഖേനയാണ് വീട്ടിലേക്ക് പണം അയക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ