തിരുവനന്തപുരം: നോട്ട് നിരോധനം കരുതലില്ലാതെ നടപ്പിലാക്കിയതുകൊണ്ടാണ് പാളിയതെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മുന്‍ എം.എല്‍.എ ബെന്നി ബെഹ്‌നാന്‍ രചിച്ച ‘ഡീ മോണിറ്റൈസേഷന്‍ സംഘടിത കുറ്റം, നിയമാനുസൃത കൊള്ള’ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനം ആദ്യം പ്രഖ്യാപിച്ചപ്പോള്‍ നല്ല തീരുമാനമായി തോന്നി. അതാണ് അന്ന് അനുകൂലമായി പ്രതികരിച്ചത്. പിന്നീടാണ് മനസ്സിലായത് നോട്ട് നിരോധനം ഉദ്ദേശിച്ച ഗുണം ചെയ്തില്ലെന്ന്. സാമ്പത്തിക വിദഗ്ധരോട് ചര്‍ച്ച പോലും നടത്താതെയാണ് തീരുമാനങ്ങളൊക്കെ കൈകൊണ്ടത്. തെറ്റുപറ്റിയാല്‍ തിരുത്താന്‍ ആരും തയ്യാറാകുന്നില്ല. അഭിപ്രായം പറയുന്നവരെ വിധ്വംസക പ്രവര്‍ത്തകരായി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചതുകാരണം സാധരണ ജനങ്ങളാണ് കൂടുതലായി ബുദ്ധിമുട്ടിയത്. ജി.ഡി.പി നിരക്കിലും കാര്യമായ കുറവാണ് വന്നത്. തൊഴില്‍ മേഖലയെ ദോഷകരമായി ബാധിച്ചു. നോട്ടു നിരോധനം ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് ലളിതമായ ഭാഷയിലാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നോട്ട്‌നിരോധനം കാരണം രാജ്യത്ത് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നതെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വ്വ മേഖലയിലും പ്രതിസന്ധിയാണ് നേരിടുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രധാമന്ത്രി പറഞ്ഞ കാര്യങ്ങളൊന്നും നടപ്പിലായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രാജ്യത്ത് ക്യാഷ്‌ലസ് ഇക്കോണമി എന്നത് നടക്കാന്‍ പോകുന്നില്ലെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നോട്ട് നിരോധനം പാളിപ്പോയത് മറച്ച് വയ്ക്കാനാണ് ക്യാഷ്‌ലസ് ഇക്കോണമിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചത് ക്രിമിനല്‍ കുറ്റമാണന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നോട്ടു നിരോധനം നടപ്പിലാക്കിയപ്പോള്‍ പറഞ്ഞ ഒരു കാര്യങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാരിനായില്ല. രാജ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഐ.എസ്.ആര്‍.ഒ 150 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേയ്ക്ക് അയച്ച് രാജ്യത്ത് അഭിമാനമായപ്പോള്‍ നോട്ട് നിരോധനം രാജ്യത്തിന്റെ യശസ് തകര്‍ത്തതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സി ദിവാകരന്‍ എം.എല്‍.എ, സാമ്പത്തിക വിദഗ്ധന്‍ ഡോ. ഉമ്മന്‍, മുന്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ് പ്രശാന്ത്,ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ എം.ആര്‍ തമ്പാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ