scorecardresearch

കാപിക്കോ റിസോർട്ട് പൊളിച്ചു തുടങ്ങി

2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്

കാപിക്കോ റിസോർട്ട് പൊളിച്ചു തുടങ്ങി

ആലപ്പുഴ: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ആലപ്പുഴ പാണാവളളി നെടിയൻതുരുത്തിലെ കാപിക്കോ റിസോർട്ട് പൊളിച്ചു തുടങ്ങി. ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജയാവും പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.

കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് കടക്കുന്നത്. കോവിഡും പാണാവള്ളി പഞ്ചായത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പൊളിക്കൽ നടപടികൾ വൈകിപ്പിച്ചത്.

2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കാപിക്കോ ഉടമകൾ നൽകിയ ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യയുടെ ഉത്തരവ്.

2013 ൽ കായൽ കയ്യേറി നിർമിച്ച കാപിക്കോ റിസോർട്ട് പൊളിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചു. 2014 ൽ സുപ്രീം കോടതിയിൽനിന്നു റിസോർട്ട് പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ വാങ്ങി. തുടർന്ന് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായിട്ടാണ് കാപിക്കോ റിസോർട്ട് പണികഴിപ്പിച്ചത്. 54 വില്ലകൾ അടക്കം 74 കെട്ടിടങ്ങൾ റിസോർട്ടിലുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Demolition of kapico resort start today