തിരുവനന്തപുരം: കെ.എം.മാണി അനുസ്മരണത്തിനിടെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് കോടതി. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കെ.എം.മാണി അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തിരഞ്ഞെടുക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, ഇതിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറി മനോജ് കോടതിയെ സമീപിക്കുകയായിരുന്നു. അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് മനോജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അനുസ്മരണ മറവില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് മനോജ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ താത്കാലിക ചുമതല പി.ജെ.ജോസഫിന് കൈമാറിയിരുന്നു. തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന മാണി അനുസ്മരണത്തില്‍ പി.ജെ.ജോസഫും ജോസ് കെ.മാണിയും പങ്കെടുക്കുന്നുണ്ട്.

കേരള കോൺഗ്രസിലെ കാര്യങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. തിരുവനന്തപുരത്ത് അനുസ്മരണ സമ്മേളനം മാത്രമാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും തെറ്റിദ്ധാരണ കൊണ്ടാണ് ചിലർ കോടതിയെ സമീപിച്ചതെന്നും ജോസഫ് പ്രതികരിച്ചു. ചെയർമാനെ ഉടൻ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണെന്നും വേണ്ടത്ര കൂടിയാലോചനകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ എന്നും ജോസ് കെ മാണിയും പ്രതികരിച്ചു. ഇത്തരം ചടങ്ങുകളിൽ ചെയർമാൻ സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Read More: കെ.എം.മാണിയും കേരളാ കോൺഗ്രസും

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട് പി.ജെ.ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കെ.എം.മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകും എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ്.കെ മാണി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടന്നിട്ടില്ല.

Read More: പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായേക്കും

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി.കാപ്പന്‍ മത്സരിക്കാനാണ് സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമായിരിക്കും മുന്നണികള്‍ പാലാ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുക.

പാലാ നിയോജക മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ.എം.മാണി മാത്രമാണ്. 1965 മുതല്‍ 13 തവണ തുടര്‍ച്ചയായി കെ.എം.മാണി പാലായില്‍ നിന്ന് നിയമസഭയിലെത്തി. 2006, 2011, 2016 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയോട് മത്സരിച്ചാണ് മാണി.സി.കാപ്പന്‍ തോറ്റത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിക്കെതിരെ ശക്തമായ പോരാട്ടമാണ് മാണി.സി.കാപ്പന്‍ കാഴ്ചവച്ചത്. 4703 വോട്ടുകള്‍ക്കാണ് മാണി.സി.കാപ്പന്‍ 2016 ല്‍ തോല്‍വി വഴങ്ങിയത്. കെ.എം.മാണി 58,884 വോട്ടുകള്‍ നേടിയപ്പോള്‍ മാണി സി.കാപ്പന്‍ 54,181 വോട്ടുകള്‍ നേടിയിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.