scorecardresearch

മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനം തടയാനുള്ള സംഘടിത നീക്കം; ‘മാര്‍ക്ക് ജിഹാദ്’ ആരോപണത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് മാര്‍ക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

Minister V Sivankutty, SSLC exams, Higher secondary exams
Photo: Facebook/ V Sivankutty

തിരുവനന്തപുരം: ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഉയര്‍ത്തിയ ‘മാര്‍ക്ക്് ജിഹാദ്’ ആരോപണം മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനം തടയാനുള്ള സംഘടിത നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് മാര്‍ക്കും ഗ്രേഡും കരസ്ഥമാക്കിയവരാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കിരോരി മാള്‍ കോളജ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണു കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നാണ ആരോപണം ഉന്നയിച്ചത്. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് നേതാവാണ് ഇദ്ദേഹം.

ഡല്‍ഹി സര്‍വകലാശാലാഡിഗ്രി പ്രവേശനത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ആദ്യ കട്ട്ഓഫില്‍ തന്നെ പ്രവേശനം നേടിയതാണ് രാകേഷ് കുമാറിന്റെ ആരോപണത്തിനു പിന്നില്‍. കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും ഫിസിക്‌സ് അധ്യാപകനായ രാകേഷ് കുമാര്‍ ആരോപിച്ചു.

കേരള സ്റ്റേറ്റ് ബോര്‍ഡ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് നല്‍കിയെന്നും അതിന്റെ ഫലമായി കേരളത്തില്‍നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ചില കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും രാകേഷ് കുമാര്‍ ആരോപിച്ചു. ”ഒരു കോളേജില്‍, 20 സീറ്റുള്ള കോഴ്‌സില്‍ 26 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടി വന്നതിനുകാരണം അവര്‍ക്കെല്ലാം കേരള ബോര്‍ഡില്‍നിന്ന് 100 ശതമാനം മാര്‍ക്ക് ലഭിച്ചതുകൊണ്ടാണ്. കുറച്ചുവര്‍ഷങ്ങളായി കേരള ബോര്‍ഡ് നടപ്പിലാക്കുന്നത് ‘മാര്‍ക്‌സ് ജിഹാദ്’ ആണ്,” അദ്ദേഹം.

100 ശതമാനം മാര്‍ക്കുള്ള കേരള ബോര്‍ഡ് വിദ്യാര്‍ഥികളുടെ കടന്നുകയറ്റം ആസൂത്രിമല്ലെന്നു കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് പ്രവേശനത്തിന്റെ ദുരുപയോഗം തടയാന്‍ ഡല്‍ഹി സര്‍വകലാശാല നിര്‍ബന്ധമായും എന്‍ട്രസ് പരീക്ഷ നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Also Read: ഡല്‍ഹി കോളേജുകളില്‍ മലയാളി തിളക്കം

ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ശിവന്‍ കുട്ടിയുടെ പ്രതികരണം. മന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക് ജിഹാദ്’ ആരോപണത്തെ കരുതാനാകൂ. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പ്രവേശനത്തില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് മാര്‍ക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. ‘മെറിറ്റേതര’കാരണങ്ങള്‍ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്.”

മാര്‍ക്ക് ജിഹാദ് ആരോപണത്തിനെതിരെ ശശി തരൂര്‍ എംപിയും രംഗത്തെത്തി. ആരോപണത്തെ വിഡ്ഡിത്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ”ജിഹാദ് എന്നാല്‍ പോരാട്ടം എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍, 100 ശതമാനം സ്‌കോര്‍ ചെയ്യുന്ന കേരള വിദ്യാര്‍ത്ഥികള്‍ ഡിയുവില്‍ എത്താന്‍ പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടി. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് അഭിമുഖം നടത്തുക. എന്നാല്‍ അവരുടെ മാര്‍ക്കിനെ മോശമായി ചിത്രീകരിക്കരുത്! ഈ കേരളവിരുദ്ധ മുന്‍വിധി അവസാനിപ്പിക്കണം!,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി സര്‍വകലാശാല ഡിഗ്രി പ്രവേശനത്തില്‍ മലയാളി വിദ്യാര്‍ഥികളുടെ ആധിപത്യത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഹിന്ദു കോളജില്‍ ബിഎ (ഓണേഴ്സ്) പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സില്‍ സംവരണം ബാധകമല്ലാത്ത സീറ്റുകളിലെ പ്രവേശനത്തിന് 100 ശതമാനം കട്ട് ഓഫ് മാര്‍ക്ക് വച്ചപ്പോള്‍ നൂറിലേറെ വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച മാത്രം അപേക്ഷിച്ചത്. ഇതില്‍ ഒരാള്‍ ഒഴികെ എല്ലാവരും കേരളത്തില്‍നിന്നായിരുന്നു. ഇവിടെ 20 സീറ്റാണുള്ളത്.

ഇതേ കോഴ്‌സിന് 99.75 ശതമാനം കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച മിറാന്‍ഡ ഹൗസ് കോളജിലും സമാനമായ സ്ഥിതിയാണ്. ”ഞങ്ങള്‍ അപേക്ഷകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നൂറോളം എണ്ണം ഞാന്‍ അംഗീകരിച്ചു. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊളിറ്റിക്കല്‍ സയന്‍സ് പ്രോഗ്രാമില്‍, കേരള ബോര്‍ഡ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടിയ ഇരുപതോളം അപേക്ഷ ലഭിച്ചതായി കരുതുന്നു,” എന്നാണ് പ്രിന്‍സിപ്പല്‍ ബിജയലക്ഷ്മി നന്ദ കഴിഞ്ഞദിവസം പറഞ്ഞത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Delhi university admission marks jihad remark minister sivankutty reaction