ന്യൂഡല്‍ഹി: ബീഫ് പാര്‍ട്ടി നടത്തുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കേരള ഹൗസിന് പുറത്ത് പൊലീസ് വലയം. ശനിയാഴ്ച്ച വൈകുന്നേരത്തോടെ കേരള ഹൗസിന് മുമ്പില്‍ തമ്പടിച്ച പൊലീസ് ഇപ്പോഴും സ്ഥലത്ത് തന്നെ തുടരുകയാണ്.

കേരളത്തില്‍ നിന്നുളള ചില രാഷ്ട്രീയ നേതാക്കള്‍ ഇന്ന് കേരളാ ഹൗസിലുണ്ടായിരുന്നു. തുടര്‍ന്ന് കേരളാ നേതാക്കള്‍ കേരളാ ഹൗസിന് പുറത്ത് ബീഫ് ഫെസ്റ്റ് നടത്തുമെന്ന അഭ്യൂഹവും പടര്‍ന്നു. ഇതിന് പിന്നാലെയാണ് റസിഡന്റ് കമ്മീഷണര്‍ പൊലീസിനെ  വിവരം അറിയിച്ചത്.

പിന്നീട് പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചു. എന്നാല്‍ ബീഫ് ഫെസ്റ്റ് നടത്തിയതായോ മറ്റോ വിവരമില്ല. സ്ഥലത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്.

2015 ല്‍ കേരള ഹൗസിലെ സ്റ്റാഫ് കാന്റീനില്‍ പശുവിറച്ചി വിതരണം ചെയ്യുന്നെന്നാരോപിച്ച് ഹിന്ദുസേന പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അധികൃതരുടെ അനുവാദമില്ലാതെ മുപ്പതോളം പൊലീസുകാരാണ് റെയ്ഡ് നടത്തിയത്. പിന്നീട് റസിഡന്റ് കമ്മിഷണറുടെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരം ബീഫ് വിളമ്പുന്നത് നിര്‍ത്തിവെച്ചിരുന്നു.

ഇതിനെതിരെ അന്നത്തെ കേരള സര്‍ക്കാരും പ്രതിപക്ഷവും ശക്തമായി പ്രതിഷേധിച്ചിരുന്നു. ദേശീയതലത്തിലടക്കം ബീഫ് വിലക്ക് വിഷയമായതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കേണ്ടി വന്നു. പിണറായി വിജയന്‍, എം എ ബേബി അടക്കമുള്ളവര്‍ ബീഫ് വിലക്കിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു. എം എം ബേബി അടക്കമുള്ളവര്‍ ബീഫ് കഴിച്ചാണ് പ്രതിഷേധം അറിയിച്ചത്.

കന്നുകാലി കശാപ്പു വിഷയത്തിൽ​കേരള ഹൗസിന് മുന്നിൽ ഈ മാസം  ഒന്നിന് ഭാരതീയ ഗോ രക്ഷാ ക്രാന്തി സംഘടന എന്ന പേരിൽ കുറച്ചുപേർ പ്രതിഷേധവുമായി എത്തിയിരുന്നു. കേരള ഹൗസിന് പുറത്ത് പാൽ വിതരണം ചെയ്ത് കൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെയുള്ള കേരള സർക്കാരിന്റെ നിലപാടിൽ പ്രതിഷേധമാണെന്നായിരുന്നു വാദം. ഒന്നിന് രാത്രി 8.30 ഓടെയാണ് കേരള ഹൗസിലേക്ക് ഇരച്ചു കയറിയത്. ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന ആളുകൾക്ക് ഗോരക്ഷ പ്രവർത്തകർ പാൽ വിതരണം ചെയ്യുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചില്ല. പിന്നീട് പ്രവർത്തകർ സ്വയം പിരിഞ്ഞു പോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ