കൊച്ചി: ന്യൂഡൽഹിയിലെ കരോൾ ബാഗിൽ ഇന്ന് പുലർച്ചെയുണ്ടായ അഗ്നിബാധയുടെ വാർത്ത ഞെട്ടലോടെയാണ് എരുവേലിക്കാർ കേട്ടത്. ചോറ്റാനിക്കര സ്വദേശിനി മരിച്ചെന്ന് കേട്ടപ്പോൾ അത് ജയശ്രീ ആകരുതെന്ന് പ്രാർത്ഥിച്ചവരാണേറെയും. അത്രമേൽ നാടിന് പ്രിയങ്കരിയായിരുന്നു ആ 53കാരി.

വീടിന് മാത്രമല്ല, എരുവേലിയെന്ന നാടിന് തന്നെ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട അംഗത്തെ നഷ്ടമായി. “വീട് വിട്ട് പോകാറേയില്ല. ഗുരുവായൂരിലോ, ചേരാനല്ലൂരോ പോയാൽ പോലും അന്ന് തന്നെ മടങ്ങിവരും. കൃഷിയും നാടുമായിരുന്നു എന്നും പ്രധാനം,” വീട്ടിലെ സഹായിയായ അമ്മിണി ഇത് പറയുമ്പോൾ കണ്ണീര് തോർന്നിരുന്നില്ല.

ജയശ്രീയുടെ മരണവിവരമറിഞ്ഞ് ചോറ്റാനിക്കരയിലെ വീട്ടിലെത്തിയ അയൽവാസികൾ

 

വീട്ടിലെ ജോലികൾ അത്രയും അമ്മിണിയോടും മറ്റ് അയൽക്കാരെയും ഏൽപ്പിച്ചാണ് ജയശ്രീ ഡൽഹിക്ക് പോയത്. ചേരാനല്ലൂരിലെ കുടുംബവീട്ടിലേക്ക് പോയി അവിടെ നിന്നായിരുന്നു യാത്ര. മാതൃസഹോദരിയുടെ ചെറുമകളുടെ വിവാഹം ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഡൽഹിയിൽ നടന്നത്. എന്നാൽ വിവാഹം മാത്രമായിരുന്നില്ല ജയശ്രീയുൾപ്പെട്ട 13 അംഗ സംഘത്തിന്റെ യാത്രാലക്ഷ്യത്തിൽ ഉണ്ടായിരുന്നത്. ഹരിദ്വാറും അമൃത്സറും, പഞ്ചാബിലെ വാഗാ അതിർത്തിയും അങ്ങിനെ എന്നും ഓർക്കാവുന്ന നല്ല ഓർമ്മകളുടെ യാത്രയായിരുന്നു എല്ലാവരുടെയും മനസിലുണ്ടായിരുന്നത്. എന്നാൽ മരണം ക്ഷണിക്കാത്ത അതിഥിയായെത്തി, അവരുടെ ജീവിതത്തിന്റെ സന്തോഷമാകെ ഇല്ലാതാക്കി.

“കല്യാണം കഴിഞ്ഞതിന് ശേഷം ഡൽഹിയിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പോയി ചിത്രങ്ങൾ വാട്‌സ്ആപ്പിൽ അയച്ചുതന്നിരുന്നു. വളരെ സന്തോഷത്തിലായിരുന്നു അവരെല്ലാവരും. ഇന്ന് അമൃത്‌സറിലേക്ക് പോകാൻ വേണ്ടി തയ്യാറായിരുന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് പറഞ്ഞറിഞ്ഞു. ഇത് ഞങ്ങൾക്ക് താങ്ങാനാവുന്നതിലുമധികമാണ്,” ബന്ധുവായ ഗീത ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു ജയശ്രീ. സമീപത്തെ എല്ലാ ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് അന്നദാനം നടത്തുന്ന പതിവ് ജയശ്രീക്കുണ്ടായിരുന്നു. എല്ലാ വർഷവും ഏഴ് ദിവസം സ്വന്തം വീട്ടിൽ സപ്താഹം നടത്തുന്ന പതിവ് തെറ്റിക്കാറില്ലായിരുന്നു. ആര് സഹായമഭ്യർത്ഥിച്ച് ചെന്നാലും വെറുംകൈയ്യോടെ മടക്കുന്ന പതിവ് അവർക്കുണ്ടായിരുന്നില്ലെന്നും നാട്ടുകാർ ഓർക്കുന്നു.

ജയശ്രീയുടെയും അമ്മയുടെയും സഹോദരന്റെയും മരണത്തിന് കാരണമായ തീപിടിത്തം ഉണ്ടായ ഡൽഹിയിലെ ഹോട്ടൽ

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ കർഷകശ്രീ അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയത് ജയശ്രീയാണ്. ഭർത്താവ് ഉണ്ണികൃഷ്ണൻ നീണ്ട 27 വർഷമായി യുഎഇയിലാണ്.  മൂത്തമകൻ ഹരി ഗോവിന്ദിന് മുംബൈയിലാണ് ജോലി.  എംബിഎ വിദ്യാർത്ഥിയായ ഇളയ മകൻ ഗൗരിശങ്കറും ജയശ്രീയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകൻ കോളേജിൽ പോയിക്കഴിഞ്ഞാൽ പിന്നെ കൃഷികാര്യങ്ങളിലായിരുന്നു ജയശ്രീയുടെ ശ്രദ്ധ. വാഴയും, റബ്ബറും, നെല്ലും, കവുങ്ങും, ജാതിക്കയും തുടങ്ങി കൃഷിയിടം വിളകളാൽ സമ്പന്നമായിരുന്നു, എന്നും. വീട്ടിൽ ജോലി ചെയ്തിരുന്നവരോട് സ്വന്തം സഹോദരങ്ങളോടെന്ന പോലെയാണ് ഇടപെട്ടിട്ടുളളതെന്നും ഇവർ ഓർക്കുന്നു. അതിനാൽ തന്നെ തീരാനഷ്ടമായി ജയശ്രീയുടെ വേർപാട് എരുവേലിക്കാർക്ക് ഇത്.

“രാവിലെ കോളേജിൽ പോകാൻ നേരം വണ്ടി സ്റ്റാർട്ട് ചെയ്‌താൽ അമ്മയെ കണ്ടില്ലെങ്കിൽ ഗൗരി നിർത്താതെ ഹോണടിക്കും. അമ്മ വന്ന് യാത്ര പറഞ്ഞാൽ മാത്രമേ അവൻ പോകൂ. അമ്മയും മകനും അത്രയേറെ സ്നേഹത്തിലായിരുന്നു,” അമ്മിണി പറഞ്ഞു.

പുതിയ വീട് നിർമ്മിച്ചിട്ട് അഞ്ച് വർഷമേ ആയുളളൂ. പണത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പഴയ വീട് ഇന്നും അതേപടിയുണ്ട്. പ്രവാസജീവിതം അവസാനിപ്പിച്ചാവും ഇനി ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് വരികയാണെന്ന് ജയശ്രീ പലവട്ടം സൂചിപ്പിച്ചിരുന്നു. എന്നാൽ ആ വരവിൽ ഉണ്ണികൃഷ്ണന് കൂട്ടിന് ജയശ്രീയില്ലെന്നതും അവർക്കെല്ലാം വേദനയാണ്.

മരണവാർത്തയറിഞ്ഞ് ജയശ്രീയുടെ കുടുംബവീടായ ചേരാനല്ലൂരിലെ പനേലിൽ വീട്ടിലെത്തിയവർ

ജയശ്രീയുടെ അമ്മ പി.നളിനിയും സഹോദരൻ വിദ്യാസാഗറും അപകടത്തിൽ മരിച്ചിരുന്നു. വിവരമറിഞ്ഞ് ഉണ്ണികൃഷ്ണൻ ചൊവ്വാഴ്ച തന്നെ നാട്ടിലെത്തി. ഫെബ്രുവരി 15 ന് രാത്രിയോടെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുമെന്നായിരുന്നു ജയശ്രീ എല്ലാവരെയും അറിയിച്ചിരുന്നത്. എന്നാൽ ജയശ്രീയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ട ദുരവസ്ഥയിലായി എരുവേലിക്കാർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ