മലപ്പുറം: മുങ്ങി മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്കരിക്കാൻ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാർ നഗരസഭ ഉപരോധിച്ചു. മൃതദേഹം ദഹിപ്പിക്കാൻ വൈകിയതിന് പിന്നിൽ പൊതുശ്മശാനത്തിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവാണ് പ്രശ്നമായത്.

നാട്ടുകാർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതോടെ മൃതദേഹം മറവു ചെയ്യാൻ അവസരമൊരുക്കി. മലപ്പുറം നഗരസഭാ ചെയര്‍പേഴ്സൺ  സി എച്ച് ജമീലയെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു.

മേട്ടുപ്പാളയം സ്വദേശിയായ സുന്ദരനാണ് കഴിഞ്ഞ ദിവസം കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ചത്. മൃതദേഹം ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം ദഹിപ്പിക്കാനായി പൊതുശ്മശാനത്തിൽ എത്തിച്ചു. രാവിലെ പതിനൊന്ന് മണിക്ക് തന്നെ മൃതദേഹം എത്തിച്ചെങ്കിലും ജീവനക്കാർ ദഹിപ്പിക്കാനാവില്ല എന്ന നിലപാട് എടുത്തു.

മൃതദേഹം കൊണ്ടുവന്നത് നാട്ടുകാരാണെന്നതും, കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളിൽ ബന്ധുക്കളാരും ഉണ്ടായിരുന്നില്ലെന്നതുമായിരുന്നു തർക്കത്തിന് കാരണമായത്. ബന്ധുക്കളാരെങ്കിലും പിന്നീട് വന്നാൽ പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടിയ ശ്മശാനം ജീവനക്കാർ മൃതദേഹം ദഹിപ്പിക്കാനാവില്ലെന്ന നിലപാടെടുത്തു. മൃതദേഹം മറവുചെയ്യാമെന്നായിരുന്നു ഇവരുടെ വാദം.

ഈ തീരുമാനത്തെ നാട്ടുകാർ അംഗീകരിച്ചു. എന്നാൽ മൂന്ന് ജീവനക്കാരുളള ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ട് മണിവരെയായിട്ടും കുഴിയെടുക്കാൻ ഒരാൾ മാത്രമാണ് എത്തിയത്. മറ്റ് ജീവനക്കാർ എവിടെയെന്ന് നാട്ടുകാർ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇതോടെ പ്രതിഷേധിച്ച നാട്ടുകാർ മൃതദേഹവുമായി നഗരസഭയുടെ മുന്നിലെത്തി. മലപ്പുറം നഗരസഭാ ചെയർപേഴ്‌സണെയും കൗൺസിലർമാരെയും സംഘം ഉപരോധിച്ചു.

ഇതോടെയാണ് മൃതദേഹം സംസ്കരിക്കാൻ ചെയർപേഴ്‌സൺ ഉത്തരവിട്ടത്. ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.