തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്-19‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്കു പുറത്തുപോയി പഠിക്കാൻ  പ്രയാസമുള്ള സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 2020-21 അക്കാദമിക് വർഷത്തേക്കു മാത്രമാണ് ഈ ക്രമീകരണം.‌

പരിധി ഉയർത്തിയതോടെ ബിരുദ കോഴ്‌സുകളിൽ 10 മുതൽ 20 സീറ്റുവരെ വർധിക്കും. പരമാവധി സീറ്റ്‌ 70 വരെയാക്കാം. നിലവിൽ 50-60 സീറ്റാണുള്ളത്‌. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും വരെയാക്കാം. ഇതിനുള്ള അധികാരം കോളേജുകൾക്കായിരിക്കും.

Read Also: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് ഇന്ന്; മൂന്നാമനായി പിണറായി

സർക്കാരിന്‌ അധിക സാമ്പത്തികബാധ്യത വരുത്താൻ പാടില്ല.അടിസ്ഥാന സൗകര്യവും അക്കാദമിക്‌ ശേഷിയും സർവകലാശാലകൾ പരിശോധിച്ച്‌ ഉറപ്പാക്കണം. നിലവിൽ കൂടുതൽ സീറ്റുണ്ടെങ്കിൽ അവ നിലനിൽക്കും. വർധിപ്പിക്കുന്ന സീറ്റുകൾ പുതിയ അക്കാദമിക്‌ വർഷത്തെ അലോട്ട്മെന്റ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തും.

കോവിഡ് കാലത്ത്‌ അർഹതയുള്ള ഒരു വിദ്യാർഥിക്കും ഉന്നത വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ പറഞ്ഞു. 71 സർക്കാർ കോളേജ്‌, 197 എയ്‌ഡഡ്‌ കോളേജ്‌, 600 അൺ എയ്‌ഡഡ് കോളേജ്‌ എന്നിവയാണ്‌ സംസ്ഥാനത്ത്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ മേഖലയിലുള്ളത്‌.

എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷാഫലം ഉടൻ

എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മൂല്യനിർണയം ഈയാഴ്‌ച പൂർത്തിയാകും. ജൂലെെ ആദ്യവാരം പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ ആരംഭിക്കാനാണ് സർക്കാർ ശ്രമം. മൂല്യനിർണയം വെെകിയതോടെ പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിലേ പ്രസിദ്ധീകരിക്കാൻ കഴിയൂവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, മൂല്യനിർണയം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയായിരുന്നു.

ടാബുലേഷനും മാർക്ക് ഒത്തുനോക്കലിനും ശേഷമായിരിക്കും ഔദ്യോഗികഫലം പ്രസിദ്ധീകരിക്കുക. കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. ഇതിനുശേഷമാണ് രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചത്. ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നും കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നുമുള്ള അധ്യാപകർക്ക് മൂല്യനിർണയത്തിന് എത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് വിദ്യാഭ്യാസവകുപ്പിനു വെല്ലുവിളിയായി. എന്നാൽ, ബദൽ ക്രമീകരണങ്ങൾ ഒരുക്കി എത്രയും പെട്ടന്ന് ഫലം പ്രസിദ്ധീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Read Also: മൃതദേഹം ദഹിപ്പിക്കാം; അനുമതി നൽകി തൃശൂർ അതിരൂപത, ക്രെെസ്‌തവസഭയിൽ ആദ്യം

സംസ്ഥാനത്ത് സാധാരണനിലയിലുള്ള അധ്യയനം ജൂലൈ മാസത്തോടെ മാത്രമേ ആരംഭിക്കൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. ജൂലൈയിലോ അതിനു ശേഷമോ മാത്രമേ സ്‌കൂളുകൾ സാധാരണ രീതിയിൽ തുറക്കൂവെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ, സംസ്ഥാനത്ത് ജൂൺ ഒന്നിനു തന്നെ ഓൺലൈൻ അധ്യയനം ആരംഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.