കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി അല്‍മായര്‍ക്കെതിരേ സഭയുടെ മാനനഷ്ടക്കേസ്. സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണത്തിനെതിരേ പരസ്യമായി രംഗത്തുവരികയും ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിനു പിന്തുണ നല്‍കുകയും ചെയ്ത എറണാകുളം-അങ്കമാലി അതിരൂപത സുതാര്യ സമിതി (എഎംടി) നേതാക്കളായ ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ക്കെതിരേയാണ് ഒരു കോടി രൂപ വീതം ആവശ്യപ്പെട്ടു സീറോ മലബാര്‍ സഭാ സിനഡ് വക്കീല്‍ നോട്ടീസ് അയച്ചത്.

റിജുവും ഷൈജു ആന്റണിയും ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ സഭയുടെയും 45 ലക്ഷത്തോളം വിശ്വാസികളുള്ള മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പ്രതിഛായയ്ക്കു കളങ്കമേല്‍പ്പിച്ചുവെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 14 ദിവസത്തിനകം പോസ്റ്റുകള്‍ പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം വക്കീല്‍ നോട്ടീസിനെ തങ്ങള്‍ തള്ളിക്കളയുകയാണെന്നും നടപടികള്‍ നേരിടാന്‍ തയാറാണെന്നും റിജു കാഞ്ഞൂക്കാരന്‍ വ്യക്തമാക്കി. ഞങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളല്ല മറിച്ച് ജലന്തര്‍ ബിഷപ്പിന്റെയും കര്‍ദിനാളിന്റെയും നടപടികളാണ് കത്തോലിക്കാ സഭയെ പൊതുജന മധ്യത്തില്‍ വിലകുറച്ചുകാട്ടാനിടയാക്കിയത്. മുന്‍പു സഭാ ഭൂമിക്കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കു കാനോന്‍ നിയമം മാത്രമാണ് ബാധകമെന്നു പറഞ്ഞ കര്‍ദിനാള്‍ ഇപ്പോഴെന്തിനാണ് രാജ്യത്തെ നിയമപ്രകാരം നോട്ടീസുമായി ഇറങ്ങിയിരിക്കുന്നതെന്ന് ആദ്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു, റിജു കാഞ്ഞൂക്കാരന്‍ പറയുന്നു.

അതേസമയം, കത്തോലിക്കാ സഭയ്ക്കെതിരായി വരുന്ന വ്യാജവാര്‍ത്തകൾക്കെതിരേ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ക്രൈസ്തവ സഭയ്‌ക്കെതിരേ നിഷിപ്ത താല്‍പര്യക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും ഇതിനു മുഖ്യധാരാ മാധ്യമങ്ങള്‍ പോലും കൂട്ടുനില്‍ക്കുകയാണെന്നും പറയുന്ന പാംപ്ലാനി വിമത പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങുന്നവര്‍ക്കു മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കുകയാണെന്നും കുറ്റപ്പെടുത്തുന്നു.

കന്യാസ്ത്രീകളുടെ സ്ഥലം മാറ്റത്തെ ന്യായീരിക്കുന്ന മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഓരോ സന്യാസ സഭയുടെയും വ്യവസ്ഥാപിത അധികാരികളെടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കാന്‍ സന്യസ്തര്‍ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ ഇതു നടത്തിക്കിട്ടാന്‍ റോമിലെ കാര്യാലയത്തെ സമീപിക്കണമെന്നും ന്യായമില്ലെന്നു തോന്നുന്നവരാണ് മാധ്യമങ്ങളെ മറയാക്കുന്നതെന്നും പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.