/indian-express-malayalam/media/media_files/uploads/2018/11/sreechithran-tile.jpg)
ദീപ നിശാന്തിന് കവിതയെഴുതി നല്‍കി എന്ന ആരോപണങ്ങളോട് പ്രതികരിച്ച് സാംസ്‌കാരിക പ്രഭാഷകനായ എം.ജെ.ശ്രീചിത്രന്‍. ഇതെല്ലാം വിചിത്രമായ വാദങ്ങളാണെന്നും കവിതയെഴുതി നല്‍കിയത് താനാണെന്ന് ദീപ നിശാന്ത് പറയുമെന്ന് കരുതുന്നില്ലെന്നും ശ്രീചിത്രന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും ശ്രീചിത്രന്‍ പറഞ്ഞു.
2011ല്‍ യുവകവിയായ എസ്.കലേഷ് തന്റെ ബ്ലോഗില്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ' എന്ന കവിതയിലെ വരികളോട് സാമ്യമുളളതായിരുന്നു എകെപിസിറ്റിഎ മാഗസിനില്‍ ദീപ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചു വന്ന 'അങ്ങനെയിരിക്കെ' എന്ന കവിത. ഈ കവിത ദീപ നിശാന്ത് തന്റെ പേരിൽ പ്രസിദ്ധീകരിച്ചു എന്ന ആരോപണം ഉയര്‍ന്നതോടെ അതിനു പ്രതികരണവുമായി ദീപ തന്നെ രംഗത്തെത്തിയിരുന്നു. "താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും, അതിന്റെ ആവശ്യം തനിക്കില്ലെന്നും ദീപ പറഞ്ഞു. മറ്റൊരാളെക്കൂടി ബാധിക്കുന്ന കാര്യമായതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും സംസാരിക്കാനില്ലെന്നും," ദീപ നിഷാന്ത് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
കവിത അയച്ചു തന്നത് ദീപ നിശാന്തിന്റെ പേരിലാണെന്നും ദീപ ടീച്ചർക്കെതിരായ ആരോപണങ്ങൾ കണ്ടപ്പോൾ ഇക്കാര്യം അന്വേഷിക്കാൻ ടീച്ചറെ വിളിച്ചിരുന്നുവെന്നും എകെപിസിറ്റിഎ മാഗസിൻ എഡിറ്റർ സണ്ണി പറയുന്നു.
"ഈ മാഗസിന്റെ എഡിറ്റർ എന്ന നിലയ്ക്ക് ഇത്തരത്തിൽ ഒരു ആരോപണം കേട്ടപ്പോൾ ഞാൻ ദീപ ടീച്ചറെ വിളിച്ച് അന്വേഷിച്ചിരുന്നു. കവിത തന്റേതല്ലെന്ന് ടീച്ചർ പറഞ്ഞില്ല. പക്ഷെ താൻ മോഷ്ടിച്ചിട്ടില്ല എന്നു തന്നെയാണ് ടീച്ചർ പറഞ്ഞത്," സണ്ണി വ്യക്തമാക്കി.
ദീപ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത പ്രസിദ്ധീകരിച്ചു വന്നതിനു പിന്നിൽ എം.ജെ.ശ്രീചിത്രനാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. താന്‍ എഴുതിയ കവിതയാണെന്നും ദീപ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് ശ്രീചിത്രന്‍ കവിത ദീപയ്ക്കു നല്‍കുകയായിരുന്നുവെന്നും ഇക്കാര്യം ദീപ നിഷേധിച്ചിട്ടില്ലെന്നും ന്യൂസ്റപ്റ്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
കവിത എകെപിസിറ്റിഎ മാഗസിനില്‍ അച്ചടിച്ചു വന്നതിനു പുറകെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ഇതില്‍ പ്രതികരണവുമായി യുവകവി കലേഷ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
'2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതി തീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട എ.ജെ.തോമസിന്റെ അഭിപ്രായ പ്രകാരം സി.എസ്.വെങ്കിടേശ്വരന്‍ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു. 2015-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. എകെപിസിറ്റിഎയുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാനെന്നും കലേഷ് പോസ്റ്റില്‍ പറയുന്നു.
ആരോപണങ്ങളോട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം ദീപ നിശാന്ത് പ്രതികരിച്ചത്. ''കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര്‍ ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല,'' ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.