തൃശൂര്‍: കേരള വര്‍മ കോളജിലെ മലയാളം അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷ്ടിച്ച വിഷയവുമായി ബന്ധപ്പെട്ട് കോളജിനോട് യുജിസി വിശദീകരണം തേടി. കേരള വര്‍മ കോളജിലെ പ്രിന്‍സിപ്പലിനാണ് യുജിസിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. യുജിസിക്ക് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം.
Read More: കവിത ഒരു പോലെ ആയതിന്റെ കാരണം വെളിപ്പെടുത്തുമെന്ന് ദീപ നിശാന്ത്; ട്രോളുകളുമായി സോഷ്യല്‍മീഡിയ
കവി കലേഷ് 2011 ല്‍ പ്രസിദ്ധീകരിച്ച കവിത ദീപാ നിശാന്ത് മോഷ്ടിച്ചെന്ന് ആരോപിച്ച് പരാതി ലഭിച്ചെന്ന് യുജിസി നോട്ടീസില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 29 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അധ്യാപികയുടെ സത്യസന്ധത ചോദ്യം ചെയ്തുള്ള ആരോപണത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും വിശദീകരിക്കണമെന്നും നോട്ടീസില്‍ യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് കോളജ് ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും മറുപടിയില്‍ അറിയിക്കണമെന്ന് യുജിസി ആവശ്യപ്പെട്ടു.
അതേസമയം, യുജിസിയുടെ നോട്ടീസ് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ദീപ നിശാന്തും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘നോട്ടീസ് കണ്ട് പേടിച്ചിട്ടുണ്ടെടോ! ടാഗ് ചെയ്ത് പേടിപ്പിക്കാണ്ടിരി…’എന്നാണ് ദീപ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Read More: കവിതാ വിവാദത്തിന് പിന്നാലെ മലയാളം ഉപന്യാസ രചനയുടെ വിധി കര്‍ത്താവായി ദീപ നിശാന്ത്
യുവ കവിയായ എസ്.കലേഷിന്റെ കവിത കോപ്പിയടിച്ചുവെന്നാണ് ദീപ നിശാന്തിനെതിരായ ആരോപണം. ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ ദീപ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്നാണ് കലേഷ് ആരോപിച്ചത്.
സംഭവത്തെ കുറിച്ച് കലേഷ് പറയുന്നത് ഇങ്ങനെ
‘2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതി തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട എ.ജെ.തോമസിന്റെ അഭിപ്രായ പ്രകാരം സി.എസ്.വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. എകെപിസിറ്റിഎയുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാനെന്നും കലേഷ് പ്രതികരിച്ചു.