തൃശൂർ: രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ലെന്ന് നടി മഞ്ജു വാര്യരോട് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടൽ കൂടി രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം. ഒരു നിലപാടു കൂടിയാണതെന്നും ദീപ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവാൻ മഞ്ജുവിനോട് ദീപ ആവശ്യപ്പെടുകയും ചെയ്തു.

സൈറ ബാനു എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി എടുത്ത ചിത്രം മഞ്ജു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് മഞ്ജുവിനെതിരെ സൈബര്‍ആക്രമണം നടന്നത്. ഇതിനു പിന്നാലെ കമലിന്റെ ആമിയെ ഒരു സിനിമയായും തന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണണമെന്ന് മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ ആവശ്യപ്പട്ടിരുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ദീപ മഞ്ജുവിന് പിന്തുണേകിയത്.

ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
രാഷ്ട്രീയവത്കരിക്കുക എന്നതിനർത്ഥം പാർട്ടിവൽക്കരിക്കുക എന്നല്ല എന്ന് മാർത്താ ഹാർനേക്കർ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടൽ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേർന്നു നിൽക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ. ആശംസകൾ..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ