തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ ആസംബന്ധമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കേരളത്തില്‍ വെച്ച് തന്നെ ആ കമ്പനിയുടെ ആളുകള്‍ തന്നെ വന്നുകണ്ടിരുന്നു. സര്‍ക്കാര്‍ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള പരിപാടിക്ക് വേണ്ടിയാണ് അമേരിക്കയില്‍ പോയതെന്നും അമേരിക്കയില്‍ വെച്ച് വിവാദ കമ്പനിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
“നിരവധി പേര്‍ വന്നു കണ്ടിട്ടുണ്ട്. അത് സ്വാഭാവികമാണ്. അതിന്റെ ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍ വലിയ കണ്ടുപിടുത്തം നടത്തിയ രേഖ എന്നൊക്കെ പറഞ്ഞ് അത് പുറത്തുവിടുന്നത് അസംബന്ധമാണ്. പ്രതിപക്ഷ നേതാവ് ഇത്രയും തരം താഴാന്‍ പാടില്ല. എവിടെയെങ്കിലും ആരെങ്കിലും എംഒയു ഒപ്പുവെച്ചെന്ന് കരുതി കേരളത്തില്‍ ഒന്നും നടപ്പാവില്ല. അസന്‍ഡ് കേരളയില്‍ നിരവധി പേര്‍ വന്നിട്ടുണ്ടാകാം. അതില്‍ ധാരണാപത്രം ഒപ്പിട്ടുവെന്നു കരുതി പദ്ധതി കേരളത്തില്‍ നടക്കണമെന്നില്ല,” മന്ത്രി പറഞ്ഞു.
നേരത്തെ ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇഎംസിസി പ്രതിനിധികളുമായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ചർച്ച നടത്തിയെന്ന് ചെന്നിത്തല പറഞ്ഞു. താൻ ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം നുണയാണെന്നും ചെന്നിത്തല പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി ഫിഷറീസ് മന്ത്രി ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ നിന്നു സർക്കാർ പിന്മാറണം. സംശയത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദം കൂടി പിണറായി സർക്കാരിന് വലിയ തലവേദനയാകുകയാണ്. എന്നാൽ, ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറയുന്നു. താൻ ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്നും 5,000 കോടിയുടെ പദ്ധതിയുടെ ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു.
Read Also: പിഎസ്‌സി വിവാദം: സമരക്കാരുമായി സർക്കാർ ചർച്ച നടത്തിയേക്കും
കേരളത്തിന്റെ സമുദ്രതീരം കൊള്ളയടിക്കാൻ പിണറായി സര്‍ക്കാര്‍ വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. സ്‌പ്രിങ്ക്‌ളർ അഴിമതിയെക്കാള്‍ വലിയ പാതകമാണ് ഇത്. യുഎസ് ആസ്ഥാനമായ ഇഎംസിസി കമ്പനിയുമായി 5,000 കോടി രൂപയുടെ ഇടപാട് ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കിലെത്തിയാണ് ഇതു സംബന്ധിച്ച ധാരണയുണ്ടാക്കിയതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.