തിരുവനന്തപുരം: ദീൻ ദയാൽ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്നുളള സർക്കുലർ ഉദ്യോഗസ്ഥർ സ്കൂളുകൾക്ക് അയച്ചതാകാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ദീൻ ദയാൽ ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോഷിക്കാൻ ഉത്തരവ് ഇറക്കിയത് സംബന്ധിച്ച് അന്വേഷിച്ച്‌ ഉത്തരവാദികളായവർക്കെതിരെ കർശനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജനസംഘം നേതാവായിരുന്ന ദീൻ ദയാൽ ഉപാധ്യയുടെ ജന്മ ശതാബ്ദി സ്‌കൂളുകളിൽ ആഘോഷിക്കാനുള്ള നീക്കം ആർഎസ്എസിന്രെ വർഗീയ അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ പൊതുസമൂഹം എന്നും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നവരാണ്. അതിനു ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.

കേന്ദ്രസർക്കാരിന്റെ വർഗീയ താല്പര്യം വച്ചുള്ള നടപടികൾ എല്ലാവർക്കും തിരിച്ചറിയാൻ കഴിയണം. കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള സംഘപരിവാർ നീക്കത്തെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

കേന്ദ്ര മാനവ വിഭവശേഷി സെക്രട്ടറി അനിൽ സ്വരൂപിന്രെ അർധ ഔദ്യോഗിക കത്തിന്രെ അടിസ്ഥാനത്തിലാണ്  ജനസംഘം നേതാവിന്രെ ജന്മശതാബ്ദി ആഘോഷം നടത്താൻ സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർമാർ മുതൽ സ്കൂളിലെ പ്രധാന അധ്യാപകർക്കു വരെ കത്തയച്ചത്. ഈ കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഈ വർഷം ഓഗസ്റ്റ് 31 നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്ത്  അയച്ചിട്ടുളളത്. യുപി, സെക്കൻഡറി ക്ലാസുകളിൽ  ആഘോഷ പരിപാടികൾ നടത്തന്നത് സംബന്ധിച്ച സർക്കുലറും  മാർഗരേഖയും ഈ കത്തിനൊപ്പം  അയക്കുന്നുവെന്ന് കത്തിൽ പറയുന്നുണ്ട്. ഇതിന്രെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ പ്രഥമാധ്യപകർക്ക് നിർദ്ദേശം നൽകേണ്ടതാണെന്നും ഡിപിഐയുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ