കൊച്ചി: വരുന്ന 25 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കന്യാസ്ത്രീ മഠങ്ങളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടേണ്ടി വരുമെന്നു കത്തോലിക്കാ സഭയുടെ വിലയിരുത്തല്‍. കന്യാസ്ത്രീകളാകാന്‍ വര്‍ഷം തോറും എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറയന്നതാണ് സഭയെ കടുത്ത ആശങ്കിയിലേയ്ക്ക് നയിക്കുന്നത്. അടുത്തിടെ എറണാകുളത്ത് നടന്ന സീറോ മലബാര്‍ സഭാ സിനഡില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നതു ചര്‍ച്ചയാവുകയും ചെയ്തു. ‘
സ്ത്രീകളുടെ സന്യസ്തവിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്നു സിനഡ് വിലയിരുത്തി. ഇതു സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കും. ഇക്കാര്യം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. കൂടുതല്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താനും അനുകരണീയമായ മാതൃകകള്‍ രൂപപ്പെടുത്താനും പരിശ്രമങ്ങളുണ്ടാവണമെന്നും സിനഡ് നിരീക്ഷിച്ചു, സഭാ വക്താക്കള്‍ പറയുന്നു. അതേസമയം കന്യാസ്ത്രീകളുടെ എണ്ണം ആശങ്കാജനകമായ വിധത്തില്‍ കുറയുന്നത് പല സഭാസ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയാണുണ്ടാക്കുന്നതെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.
2015 ല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരാകാന്‍ പഠിക്കുന്നത് 735 പേരാണെങ്കില്‍ കന്യാസ്ത്രീകളാകാന്‍ പഠിക്കുന്ന ‘അര്‍ഥിനി’കളുടെ എണ്ണം 210 മാത്രമാണ്. അതേസമയം നിലവില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും കണക്ക് പരിശോധിക്കുമ്പോഴാണ് കന്യാസ്ത്രീകളാകാന്‍ എത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവു തിരിച്ചറിയാനാവുക. 2015-ലെ കണക്കുപ്രകാരം നിലവില്‍ 6781 കന്യാസ്ത്രീകളും 1742 വൈദികരുമാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിലവിലുള്ളതിനേ അപേക്ഷിച്ച് പുതുതായി എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതായാണ് കണക്കുകള്‍ .
ഇതേ സാഹചര്യമാണ് കേരളത്തിലെമ്പാടുമുള്ള രൂപതകളില്‍ സംഭവിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം കന്യാസ്ത്രീ മഠങ്ങളും അടച്ചിടേണ്ട സ്ഥിതിയുണ്ടാകുമെന്നു വൈദികര്‍ തന്നെ പറയുന്നു. അതേസമയം വൈദികരാകാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ലായെന്നതാണ് ശ്രദ്ധേയമായ കാര്യം. സഭയില്‍ വൈദികരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാംതരക്കാരായാണ് കന്യാസ്ത്രീകള്‍ പരിഗണിക്കപ്പെടുന്നതെന്ന കാര്യമാണ് പലപ്പോഴും പുതുതായി എത്താനാഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്നതെന്ന് അഭിപ്രായം ഉണ്ട്. വൈദികരുമായി താരതമ്യം ചെയ്താൽ കൂട്ടിലടച്ച തത്തകള്‍ മാത്രമാണ് കന്യാസ്ത്രീകള്‍. വൈദികര്‍ വാഹനങ്ങളും മൊബൈല്‍ ഫോണും സാമൂഹിക മാധ്യമങ്ങളുമായി പൊതുസമൂഹവുമായി ഇടപെട്ടു ജീവിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ഇതെല്ലാം നിഷേധിക്കപ്പെടുകയാണ്. കന്യാസ്ത്രീകള്‍ക്ക് എന്താണ് സഭ ഇത്രയും കാലത്തിനുള്ളില്‍ നല്‍കിയിട്ടുള്ളതെന്ന കാര്യം കൂടി പഠന വിധേയമാക്കിയാല്‍ മാത്രമേ കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികളെ കിട്ടാത്തതിന്റെ സാഹചര്യം പഠനവിധേയമാക്കാനാവൂ, ഒരു വൈദികന്‍ പറയുന്നു.
അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ നെടുംതൂണുകളായി മാറുന്നതും പെണ്‍കുട്ടികളെ കന്യാസ്ത്രീകളാകാന്‍ പോകുന്നതില്‍ നിന്നു പിന്‍തിരിപ്പിക്കുന്നുണ്ടെന്നു വൈദികര്‍ തന്നെ സമ്മതിക്കുന്നു. നഴ്‌സിങ് രംഗത്ത് വിദേശത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചതോടെ നൂറുകണക്കിനു പെണ്‍കുട്ടികളാണ് ഈ വഴി തെരഞ്ഞെടുത്തത്. ഇതോടൊപ്പം കുടുംബങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞതും സാമ്പത്തികമായ ഉന്നമനവുമെല്ലാം പെണ്‍കുട്ടികളെ സന്യാസത്തില്‍ നിന്നു പിന്‍തിരിപ്പിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ നേര്‍ച്ച നേര്‍ന്നതിന്റെ പേരിലും വീട്ടില്‍ സമ്പത്തില്ലാത്തതിന്റെ പേരിലും നൂറുകണക്കിനു പെണ്‍കുട്ടികളാണ് കന്യാസ്ത്രീകളായിരുന്നത്. എന്നാല്‍ ഇന്ന് അത്തരം സാഹചര്യമെല്ലാം മാറിയിരിക്കുന്നു. പല സന്യാസ സമൂഹങ്ങള്‍ക്കും വര്‍ഷത്തില്‍ പുതുതായി ചേരാന്‍ ഒരാളെപ്പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതേ രീതി തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭൂരിഭാഗം മഠങ്ങളും അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യേണ്ടി വരും, ഒരു വൈദികന്‍ പറയുന്നു.
ഇപ്പോഴുള്ള കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും മധ്യവയസ്സിന് മുകളില്‍ പ്രായമുള്ളവരോ വാർധക്യത്തിലേയ്ക്ക് എത്തിയവരോ ആണ്. മാത്രമല്ല, പ്രായം കൊണ്ട് ആരോഗ്യപരമായ അവശതകൾ ഉളളവരുമാണ്. സജീവമായി പ്രവർത്തിക്കാൻ സാധിക്കാത്തവരാണിവരില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സന്യാസിനികളില്‍ നിന്നു മുഴുവന്‍സമയ പ്രവര്‍ത്തനം പ്രതീക്ഷിക്കാനാവില്ല. ഇതും സഭ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്.
അതേസമയം കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നത് സഭയ്ക്ക് ഭാവിയില്‍ വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നു സഭയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മിക്കതിലും നല്ല പങ്ക് ജോലിക്കാരും കന്യാസ്ത്രീകളാണ്, എന്നാല്‍ ഭാവിയില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുമ്പോള്‍ ഇവിടങ്ങളില്‍ ജോലിക്കാരെ പകരം നിയോഗിക്കേണ്ടി വരും.ഇത് ഭാവിയില്‍ സഭയ്ക്കു കിട്ടുന്ന വരുമാനം കുറയാനിടയാക്കും, പേര് വെളിപ്പടുത്തരുതെന്ന് നിബന്ധനയോടെ ഒരു വൈദികൻ പറഞ്ഞു.
അഭയ കേസ് മുതൽ കൊട്ടിയൂർ കേസ് വരെയുളള സഭ പ്രതിസ്ഥാനത്ത് വന്ന സംഭവങ്ങളും കന്യാസ്ത്രീകളാകാൻ പെൺകുട്ടികൾ വരുന്നത് കുറയുന്നതിന് കാരണമായിട്ടുണ്ടാകാം എന്ന് വിലയിരുത്തുന്ന വിശ്വാസികളുമുണ്ട്. സഭ വിട്ട് പുറത്ത് വന്നവർ എഴുതിയ ആത്മകഥകളിൽ അവർ കടന്നുപോയ അവസ്ഥയെ കുറിച്ചുളള വിലയിരുത്തലുകളും യാഥാർത്ഥ്യത്തെ കുറിച്ചുളള വേറിട്ട അറിവും ജീവിത കാഴ്ചപ്പാടുകളുമെല്ലാം ഈ നിലപാടിന് കാരണമായിട്ടുണ്ടാകാം. കേരളത്തിലെ മാത്രം അവസ്ഥയല്ല, മികച്ച ജീവിത നിലവാരത്തിലേയ്ക്ക് ഉയർന്നിട്ടുളള രാജ്യങ്ങളിലെല്ലാം ഇതേ സ്ഥിതിയാണ് ഉളളതെന്നും ഇവർ പറയുന്നു.