/indian-express-malayalam/media/media_files/uploads/2018/08/Declare-Kerala-floods-National-Disaster.jpg)
Declare Kerala floods National Disaster
Kerala Floods: കേരളം നിലവിൽ അഭിമുഖീകരിക്കുന്ന പേമാരിയും പ്രളയവും അതിന്റെ കെടുതികളും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് ശക്തി പ്രാപിക്കുന്നു. പൊതുജനങ്ങൾ ഈ ആവശ്യം ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഈ ആവശ്യമുന്നയിച്ചുളള ക്യാംപെയിൻ സജീവമാവുകയുമാണ്.
കേരളത്തിലെ ഭരണമുന്നണിയായ എൽഡിഎഫും പ്രതിപക്ഷ മുന്നണിയായ യുഡിഎഫും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. കേരളത്തിലെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും കേരളത്തിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ച് രംഗത്തു വന്നിരുന്നു.
നിരവധി മരണങ്ങളും എണ്ണിയാലൊടുങ്ങാത്ത നാശനഷ്ടങ്ങളും സംഭവിച്ചിട്ടും കേന്ദ്ര സർക്കാരിൽ നിന്നും അനുകൂലമായ സമീപനം ഉണ്ടായിട്ടില്ലെന്നത് പൊതുജനങ്ങൾക്കിടയിൽ തന്നെ അസ്വസ്ഥത പടർത്തി തുടങ്ങിയിരുന്നു. അതിനിടയിൽ കേരളത്തിലെ ഡാമുകൾ തുറന്നുവിട്ടത് കേന്ദ്രത്തിൽ നിന്നും പണം തട്ടാനാണെന്നുളള തരത്തിൽ നടത്തിയ പ്രചാരണങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ അതിശക്തമായ എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്.
കേരളം എന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യവുമായാണ് കേന്ദ്രസർക്കാർ ഈ പ്രളയക്കെടുതിയിലും കാണിക്കുന്ന അവഗണനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ജനരോഷം ശക്തമായിരിക്കുന്നത്. പേമാരി പോലെ രോഷം പെയ്തിറങ്ങിയപ്പോൾ കേരളത്തിനെതിരെ ഇട്ട പോസ്റ്റുകൾ പലരും പിൻവലിക്കുകയും അത് തങ്ങളല്ല ഇട്ടതെന്ന് അനുയായികളെ കൊണ്ട് പറയിക്കുകയും ചെയ്തതായും ആരോപണം ഉയർന്നു. ഇതിന് പുറമെ ദേശീയ തലത്തിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്ക്കുന്ന ദിനപത്രവും ചാനലും അവതരിപ്പിച്ച കാർട്ടൂണിന്റെയും തെറ്റിദ്ധാരണാജനകമായ വാർത്തയുടെയും പേരിലും വിമർശിക്കപ്പെട്ടു. കേരളത്തിലും എഡിഷനുകളുളള ഈ ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന കാർട്ടൂണിനെതിരെ അതിശക്തമായ വിമർശനമാണ് ഉയർന്നത് ദുരന്തമുഖത്ത് അശ്ലീലമാണിത് കാർട്ടൂണല്ല എന്ന് വിമർശനം വരെ അതിനെതിരെ ഉയർന്നു.
Kerala Floods: ഇതേസമയം, ദേശീയ അവധി ദിനം പോലും ഉപേക്ഷിച്ചാണ് സർക്കാർ ജീവനക്കാരും ഭരണ, പ്രതിപക്ഷ പാർട്ടികളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയത്. മത്സ്യത്തൊഴിലാളികളാണ് ജീവൻരക്ഷാ മേഖലയിൽ ഏറ്റവും ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പോലും കേന്ദ്ര സർക്കാരിൽ നിന്നും ആവശ്യമായ സാമ്പത്തിക സഹായമോ പിന്തുണയോ കേരളത്തിന് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. രാഷ്ട്രീയ കാരണങ്ങളാലാണ് കേന്ദ്രം ഈ ദുരന്തമുഖത്തും കേരളത്തോട് അവഗണന കാണിക്കുന്നതെന്ന് ആരോപണം അതിശക്തമായി ഉയർന്നു കഴിഞ്ഞു.
രാജ്യാന്തര തലത്തിൽ പോലും കേരളത്തിലെ ദുരന്തം വലിയ വാർത്തയായിക്കഴിഞ്ഞു. നൂറ് കോടി അമേരിക്കൻ ഡോളറിന്റെ നഷ്ടമാണ് ദുരന്തത്തിലൂടെ സംഭവിച്ചതെന്ന് ആദ്യത്തെ അഞ്ച് ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ പ്രളയക്കെടുതി ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, ചൈനീസ് പോസ്റ്റ്, അൽജസീറ സ്കൈന്യൂസ് എന്നിവരുടെയും രാജ്യാന്തര ന്യൂസ് ഏജൻസികളുടെയും പ്രധാന വാർത്തകളിലൊന്നായി. എന്നിട്ടും ഈ ദുരന്തമുഖത്തെ അതിന്റെ ഗൗരവത്തോടെ സമീപിക്കാൻ കേന്ദ്ര സർക്കാരിനോ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കോ സാധിച്ചിട്ടില്ലെന്ന ആക്ഷേപമാണ് സോഷ്യൽ മീഡിയയിലും പൊതുവിടങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.
ഈ ദുരന്തത്തിലെ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ കേരളം നേരിട്ട നഷ്ടം നികത്താനുളള തുകയുടെ നൂറിലൊന്ന് പോലും അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നു. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ആക്ഷേപം. നൂറ് കോടി രൂപയാണ് കേന്ദ്രം നൽകാമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ നഷ്ടം ആ സമയത്ത് എണ്ണായിരം കോടി രൂപയായിരുന്നു. അതിനേക്കാൾ വലിയ നഷ്ടമാണ് പിന്നീട് ഉണ്ടായിട്ടുളളത്. അടിസ്ഥാന സൗകര്യങ്ങൾ പോലും തകർത്തെറിഞ്ഞ ദുരന്തമാണ് കേരളത്തിൽ സംഭവിച്ചിട്ടുളളത്. എന്നിട്ടും ഇതുവരെ ഇതിനെ ദേശീയ ദുരന്തമായി കണ്ട് നടപടി സ്വീകരിക്കുകയോ സഹായവുമായി രംഗത്തെത്തുകയോ ചെയ്യാത്ത കേന്ദ്ര സർക്കാർ നടപടിയാണ് കേരളത്തിൽ അതിശക്തമായ എതിർപ്പ് ഉയർത്തുന്നതിന് കാരണമായിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.