‘അമ്മ’യുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്നിട്ടും ദിലീപിനെ നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് അറിഞ്ഞതെന്നാണ് ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവി’ന്റെ (ഡബ്ല്യുസിസി) പ്രസ്താവന. ഈ സാഹചര്യത്തിൽ അമ്മയുടെ യോഗത്തിൽ സംഭവിച്ചത് എന്തായിരുന്നു എന്നൊരു അന്വേഷണം. അതേക്കുറിച്ച് ആ വേദിയിൽ നിന്നൊരു സാക്ഷിമൊഴി.
“അമ്മയുടെ മീറ്റിങ്ങില്‍ ഇന്നസെന്റ് സംസാരിച്ചു, മമ്മൂട്ടി തുടങ്ങിയ പഴയ ഭാരവാഹികളും സംസാരിച്ചു. എന്നിട്ട്, പുതിയ കമ്മിറ്റി അംഗങ്ങളെ ഇന്ഡകറ്റ് ചെയ്തു. അപ്പോള്‍ അവര്‍ എക്സ്പ്ലൈന്‍ ചെയ്തു, സ്ത്രീകള്‍ ആരും തന്നെ മുന്നോട്ടു വന്നില്ല. നാമ നിര്‍ദ്ദേശം കൊടുക്കാന്‍ ഇത്രയും ദിവസം ഉണ്ടായിട്ടും ഒരു സ്ത്രീ പോലും നോമിനേഷന് തന്നില്ല എന്നൊക്കെ. ഉണ്ണി ശിവപാല്‍ മാത്രമാണ് എക്സ്ട്രാ നോമിനേഷന് വന്നത്, മുത്തുമണി പിന്മാറി തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
അതിനു ശേഷം ചര്‍ച്ച നമുക്ക് പോസ്റ്റ്-ലഞ്ച് ആവാം എന്നൊരു സജഷന്‍ വന്നു. ‘ഒന്നേകാല്‍ മണി ആയി, അതുകൊണ്ട് ലഞ്ച് കഴിഞ്ഞ് ജനറല്‍ ബോഡി ചര്‍ച്ച ആരംഭിക്കാം’ എന്ന് പറഞ്ഞു എല്ലാവരും പിരിയാന്‍ തുടങ്ങിയപ്പോള്‍ നടി ഊര്‍മിള ഉണ്ണി സംസാരിക്കാന്‍ എഴുന്നേറ്റു. ‘ലഞ്ച് കഴിഞ്ഞു സംസാരിച്ചാല്‍ പോരേ ചേച്ചീ’ എന്ന് ഇടവേള ബാബു ചോദിച്ചപ്പോള്‍ ‘അല്ല എനിക്ക് ഒറ്റ ചോദ്യം ചോദിക്കണം’ എന്ന് പറഞ്ഞു അവര്‍.
‘ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ?’, വളരെ ഷാര്‍പ് ആയിട്ട് അവര്‍ ചോദിച്ചു. അപ്പോള്‍ ഇടവേള ബാബു പറഞ്ഞു, ‘ഇവിടെ കുറച്ചു പ്രൊസീജര്‍ എക്സ്പ്ലൈന്‍ ചെയ്യാന്‍ ഉണ്ട്. അവൈലബിള്‍ ആയ കുറച്ചു പേര് കൂടി അന്നത്തെ പ്രഷറില്‍ ആണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനം എടുത്തത്. അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനു ‘അമ്മ’യുടെ ബൈലാ പ്രകാരം ഒരു പ്രൊസീജര്‍ ഉണ്ട്. ഒന്ന് ദിലീപിനെ എക്സ്പ്ലൈന്‍ ചെയ്യാന്‍ സമ്മതിക്കണം. രണ്ടു എക്സിക്യൂട്ടിവ് കമ്മിറ്റി ഇതിനെ അംഗീകരിക്കണം. പതിമൂന്നു ദിവസത്തിനകം അംഗീകരിക്കണം. പക്ഷേ എക്സിക്യൂട്ടിവ് കമ്മിറ്റി ആ കാലയളവില്‍ കൂടിയില്ല. എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയ അടുത്ത അവസരത്തില്‍ ഈ വിഷയം പൊതു യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെ എന്നാണു പറഞ്ഞത്. അതിനു ശേഷം കൂടുന്ന പൊതു യോഗം ഇന്നാണ്, നിങ്ങളാണ് തീരുമാനിക്കേണ്ടത്.’
അദ്ദേഹം ഇത് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ‘സസ്പെന്‍ഡ് ചെയ്താല്‍ പോരായിരുന്നോ, എന്തിനാ പുറത്താക്കിയത്’ എന്ന് ചോദിച്ചു ബഹളമായി. ‘പുറത്താക്കാന്‍ ഉള്ള തീരുമാനം മൊത്തം ആള്‍ക്കാരുടെയും തീരുമാനം അല്ല, കുറച്ചു പേരുടെ മാത്രമാണ്, അത് റാറ്റിഫൈ ചെയ്യണം’ എന്ന് അംഗങ്ങള്‍ ആവശ്യമുന്നയിച്ചു. ‘അപ്പോള്‍ പൊതുയോഗത്തിന്റെ തീരുമാനം എന്താണ്?’ എന്ന് ഇടവേള ബാബു ആരാഞ്ഞു.
ആരും തന്നെ ദിലീപിനെ പുറത്താക്കണം എന്നോ ആക്രമിക്കപെട്ട പെണ്‍കുട്ടിയെക്കുറിച്ചോ ഒന്നും തന്നെ സംസാരിച്ചില്ല. സസ്പെന്‍ഡ് ചെയ്യുകയായിരുന്നു യഥാര്‍ത്ഥത്തില്‍ നടക്കേണ്ട ക്രമം, ദിലീപിന് എക്സ്പ്ലൈന്‍ ചെയ്യാനുള്ള അവസരം കൊടുക്കണം. ദിലീപിന്റെ എക്സ്പ്ലൈനേഷന്‍ നമ്മള് വാങ്ങണം. ദിലീപിനെ കമ്മിറ്റിയുടെ മുന്നില്‍ വരാന്‍ പറയണം, എന്ന് പൊതു യോഗം പറഞ്ഞു.
അപ്പോഴേക്കും ‘ദിലീപിനെ തിരിച്ചെടുക്കാനാണോ, പൊതു യോഗത്തിന് എന്താണ് വേണ്ടത്, നിങ്ങളുടെ തീരുമാനം എന്താണ്?’ എന്ന് ഒന്ന് കൂടി ഇടവേള ബാബു ചോദിച്ചു. അപ്പോള്‍ ‘ദിലീപിനെ തിരിച്ചെടുക്കണം’ എന്ന് പറഞ്ഞു എല്ലാവരും കൈയ്യടിച്ചു. കൈയ്യടിച്ചപ്പോള്‍ ഇടവേള ബാബു പറഞ്ഞു, ‘അങ്ങനെയാണെങ്കില്‍ നമുക്ക് അത് ചര്‍ച്ച ചെയ്യാം, എക്സിക്യൂട്ടിവ് കമ്മിറ്റിയെ നിങ്ങളുടെ തീരുമാനം അറിയിക്കാം” എന്ന്. അതിനു ശേഷം ആ ചര്‍ച്ച അവിടെ തീര്‍ന്നു, ഊണിനു പിരിഞ്ഞു. ഇതാണ് അവിടെ സംഭവിച്ചത്.”
ജൂണ്‍ 24 ന് നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ ഉള്ള തീരുമാനം ഉണ്ടായത്. ജനറല്‍ ബോഡിയുടെ വേദിയായിരുന്ന ‘ദി ക്രൗണ്‍ പ്ലാസ’ ഹോട്ടലില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.