തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സാംസ്കാരിക പരിപാടികളും ഒഴിവാക്കിയ ഉത്തരവിനെ എതിർത്ത് മന്ത്രി എ.കെ.ബാലൻ രംഗത്ത്. മന്ത്രിസഭായോഗം ചർച്ച ചെയ്യാതെയാണ് ഉത്തരവിറങ്ങിയതെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയോട് വ്യക്തത തേടി.

സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുനർ നിർമ്മാണത്തിനും പണം ആവശ്യമായി വരുന്നതിനാലാണ് സാംസ്കാരിക വകുപ്പിലെ പ്രധാന പൊതുപരിപാടികളായ കേരള സ്കൂൾ കലോത്സവവും ചലച്ചിത്രോത്സവവും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ മന്ത്രിമാരുമായി ഇക്കാര്യം കൂടിയാലോചിച്ചില്ലെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. “ഏതോ ഉദ്യോഗസ്ഥന് തോന്നിയ നോട്ടപ്പിശകാവും ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ വൈകാരികമായി ഇത്തരമൊരു തീരുമാനം എടുക്കുമെന്ന് താൻ കരുതുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം ചലച്ചിത്രോത്സവം നടത്തേണ്ടതില്ലെന്ന തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ
മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ ഫണ്ട് ഉപയോഗിക്കാതെ അക്കാദമി ഫണ്ട് മാത്രം ഉപയോഗിച്ച് മേള നടത്തണമെന്നാണ് അദ്ദേഹം മന്ത്രി എ.കെ.ബാലനെ അറിയിച്ചത്. മന്ത്രിയും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്.

“ഈ തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാൻ തനിക്ക് സാധിക്കുന്നില്ല. ചലചിത്രോത്സവം നടത്തണമെന്ന് തന്നെയാണ് എന്റെയും നിലപാട്. ചിലവ് കുറച്ച് പരിപാടി നടത്താവുന്നതാണ്,” മന്ത്രി എ.കെ.ബാലൻ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

അതേസമയം, കേരള സ്കൂൾ കലോത്സവത്തിന്റെ കാര്യത്തിലും തനിക്ക് ഉത്തരവിൽ പറയുന്ന നിലപാടല്ല ഉളളതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്രോത്സവം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും വൈസ് ചെയർപേഴ്‌സൺ ബീന പോളും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ടാണ് ഈ കാര്യത്തിൽ സർക്കാർ നിലപാട് മാറ്റാൻ ആവശ്യപ്പെട്ടത്. അത് സർക്കാർ അംഗീകരിക്കുകയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.