scorecardresearch
Latest News

ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനെന്ന് ഗതാഗത മന്ത്രി

ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കിയേക്കും

antony raju, cpm, ie malayalam

തിരുവനന്തപുരം. ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടര കിലോമീറ്റർ ദൂരത്തിനുള്ള മിനിമം ചാർജ് എട്ട് രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് കമ്മിഷന്റെ ശുപാര്‍ശ. ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കിയേക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് അഞ്ച് രൂപയായി കൂട്ടും. നിലവിൽ ഒന്നര കിലോമീറ്ററിന് ഒരു രൂപയും അഞ്ച് കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാർഥികളുടെ നിരക്ക്.

രാത്രിയാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുക 14 ആക്കണമെന്നാണ് കമ്മിഷന്‍ പറയുന്നത്. എന്നാല്‍ സൗജന്യയാത്ര സംബന്ധിച്ച് കമ്മിഷന്‍ വ്യക്തമായൊരു സമീപനം സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന് നയപരമായ തീരുമാനം എടുക്കാമെന്നാണ് കമ്മിഷന്‍ നിലപാട്.

ഇന്ധനവില ഉയര്‍ന്നതും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും മൂലമാണ് സ്വകാര്യ ബസുടമകള്‍ ചാർജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം.

ബസ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് ബസുടമകൾ സമരം നീട്ടിവച്ചിരിക്കുന്നത്. ബസുടമുകളുമായി ഒരിക്കൽ കൂടി ഗതാഗതമന്ത്രി ചർച്ച നടത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.

Also Read: കോവിഡ് വ്യാപനത്തോത് കുറയുന്നു; ഹ്രസ്വകാല യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Decision on increasing bus fare soon says transport minister