കൊച്ചി: ഭൂമി വിവാദത്തെ തുടര്‍ന്നു കടത്തില്‍ മുങ്ങിയ എറണാകുളം-അങ്കമാലി അതിരൂപത കടം വീട്ടാനായി 11 ഏക്കര്‍ ഭൂമി വിറ്റു. കാക്കനാട് വിജോ ഭവനു സമീപമുള്ള 11 ഏക്കര്‍ ഭൂമിയാണ് സെന്റിന് 6.60 ലക്ഷം രൂപ വീതം വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കു വിറ്റത്. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും വൈദികസമിതിയുടെയും അനുമതിയോടെയാണ് ഇത്തവണ ഭൂമി വില്‍പ്പന നടത്തിയത്.

നിലവില്‍ ഭൂമി വില്‍പ്പനയിലൂടെ ലഭിച്ച 75 കോടിയോളം രൂപ എറണാകുളം-അങ്കമാലി രൂപതയുടെ 75 കോടിയോളം വരുന്ന കടംവീട്ടാന്‍ ഉപയോഗിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 95 കോടിയോളം രൂപയാണ് അതിരൂപതയുടെ സാമ്പത്തിക ബാധ്യത. ഇതില്‍ 75 കോടിയോളം രൂപ ബാങ്കില്‍ അടച്ചതോടെ രൂപത വന്‍തോതില്‍ പലിശ കൊടുത്തുകൊണ്ടിരുന്ന ലോണുകള്‍ ഒരു പരിധിവരെ തീര്‍ന്നതായി എറണാകുളം-അങ്കമാലി രൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.

2016-ല്‍ നടത്തിയ ഭൂമി വില്‍പ്പനയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും എറണാകുളം-അങ്കമാലി അതിരൂപതയെയും കടക്കെണിയിലേക്കും വിവാദത്തിലേക്കും കൊണ്ടുചെന്നെത്തിച്ചത്. എറണാകുളം ടൗണിന്റെ ഹൃദയഭാഗത്തുള്ള ഭൂമി വില്‍പ്പന നടത്തിയെങ്കിലും വാങ്ങിയ ആളില്‍ നിന്നു മുഴുവന്‍ തുകയും ലഭിക്കാതെ വന്നതോടെ വൈദിക സമിതിയുടെ പോലും അറിവില്ലാതെയാണ് ഭൂമി വില്‍പ്പന നടന്നതെന്ന വാദവുമായി വൈദികര്‍ തന്നെ രംഗത്തെത്തി. ഇതിനിടെ സഭയുടെ ചരിത്രത്തില്‍ ആദ്യമായി കര്‍ദിനാളിനെതിരേ വൈദികര്‍ തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിനും സഭ സാക്ഷിയായി. ഒരു വിഭാഗം വൈദികര്‍ മാര്‍പാപ്പയ്ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിനെ മാര്‍പാപ്പ നിയമിച്ചു.

ഈ സമയം രൂപതയുടെ കടം 95 കോടിയോളം രൂപയായി ഉയര്‍ന്നു. പ്രതിമാസം 80 ലക്ഷത്തിലധികം രൂപയായിരുന്നു അതിരൂപത ബാങ്കു ലോണുകള്‍ക്ക് പലിശയായി മാത്രം അടച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അപ്പസതോലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ മാര്‍ ജേക്കബ് മാനത്തോടത്ത് രൂപതയുടെ കടം വീട്ടാന്‍ വീണ്ടും ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. മാര്‍പാപ്പയുടെ അനുമതിയോടെയായിരുന്നു ഭൂമി വില്‍ക്കാനുള്ള നടപടികളെല്ലാം കഴിഞ്ഞ ഒക്ടോബറില്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും എറണാകുളം സ്വദേശി ഈ നടപടിയെ കോടതില്‍ ചോദ്യം ചെയ്തതോടെ ഭൂമി വില്‍പ്പന വൈകുകയായിരുന്നു. അടുത്തിടെ കോടതിയില്‍ നിന്നുള്ള സ്‌റ്റേ നീക്കിയതോടെയാണ് ഭൂമി വില്‍പ്പന നീക്കങ്ങള്‍ രൂപതാധികൃതര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.