തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. പ്രായമുള്ളയാളുകളിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരും. ആരും റോഡില്‍ കിടക്കാന്‍ ഇടവരരുതെന്നും എല്ലാവര്‍ക്കും ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 21ന് അൺലോക്ക് ഇന്ത്യ പൂർണമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
കോളനികളിലേക്ക് രോഗം പടരാരിതിരിക്കാന്‍ എംഎല്‍എമാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കടുത്തതാണ്. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളം ഇതുവരെ പൊരുതി നിന്നു. കര്‍ണാടയിലെയും തമിഴ്‌നാട്ടിലെയും പോലെ രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ കേരളത്തില്‍ മരണ സംഖ്യ 1000 കടക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അത് തടയാനായത് കേരളത്തിന്റെ യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read More: സെപ്തംബർ 21നു ശേഷം സ്കൂളുകളും കോളേജുകളും തുറക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി
സെപ്തംബര്‍ 21ന് അണ്‍ലോക്ക് 4.0 നടപ്പാക്കുന്നതോടെ രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയായിട്ടുണ്ട്. താജ്മഹല്‍ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സെപ്തംബർ 21 മുതൽ വിവിധ ഘട്ടങ്ങളിലായാണ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് അനുമതിയുള്ളതെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു. നൈപുണ്യ വികസന, സംരംഭകത്വ വികസന പരിശീലന ക്ലാസ്സുകളും 21 മുതൽ തുടങ്ങാം. ഒൻപതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകൾ സ്കൂൾ അധികൃതരുടെ സന്നദ്ധത അനുസരിച്ച് തുറക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ഈ അവസരത്തിലാണ് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമേ, കണ്ണൂരിൽ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. സംഭവം അത്യന്തം വേദനാജനകമാണെന്ന് പറഞ്ഞ മന്ത്രി നടപടിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍, ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പാനൂരിലെ ഹനീഫ സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മാസം തികയാതെ വീട്ടിൽ പ്രസവിച്ച് മണിക്കൂറുകൾക്കകം മരിച്ചത്. അടിയന്തര ശുശ്രൂഷ നൽകണമെന്ന് പാനൂർ പിഎച്ച്സിയിൽ എത്തി അഭ്യർത്ഥിച്ചെങ്കിലും ഡോക്ടറോ നഴ്സോ വീട്ടിലേക്ക് വന്നില്ലെന്ന് കുടുംബം പറയുന്നു