ആലപ്പുഴ: ദേവസ്വംബോര്‍ഡ് നിയമിച്ച ഈഴവ കീഴ്ശാന്തിക്ക് വധഭീഷണി. ഇന്നലെയാണ് ആലപ്പുഴ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ സുധീര്‍കുമാറിനെ കീഴ്ശാന്തിയായി നിയമിച്ചത്. ഇന്ന് ഉച്ചയ്ക്ക് സുധീര്‍കുമാര്‍ വീട്ടിലില്ലാത്തപ്പോള്‍ ചിലര്‍ വീട്ടില്‍ വരുകയും സുധീറിനെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ സുധീര്‍കുമാറിനെ പൂജാരിയായി നിയമിച്ചാല്‍ ദൈവകോപമുണ്ടാവുമെന്നു പറഞ്ഞ ക്ഷേത്രം തന്ത്രി ദേവസ്വം കമ്മീഷണറോട് നിയമനം റദ്ദുചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അപ്പീലിനെ തുടര്‍ന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം പുനപരിശോധിക്കുകയും ഇന്നലെ ഉച്ചയോടെ പുനര്‍നിയമനം നടത്തുകയും ചെയ്യുകയായിരുന്നു.

സുധീര്‍കുമാറിന്‍റെ നിയമനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളും ഹിന്ദുമത കണ്‍വെന്‍ഷനും രംഗത്തുവന്നിരുന്നു. തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ക്ഷേത്ര ഭരണസമിതി പാസാക്കിയ പ്രമേയത്തെ തള്ളിയാണ് സുധീര്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ