തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂർ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശിനിയുടെ പേരിലുള്ള വ്യാജ സിമ്മിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് നിന്നും രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയൽവാസിയോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാൽ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ