തിരുവനന്തപുരം: പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന ലേഖനം എഴുതിയതിന് സാഹിത്യകാരൻ കെ.പി രാമനുണ്ണിക്ക് എതിരെ ഭീഷണി ഉണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തിന് പൊലീസ് സുരക്ഷ നൽകാൻ സർക്കാർ തീരുമാനം. ആറ് മാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നായിരുന്നു രാമനുണ്ണിക്ക് ലഭിച്ച ഭീഷണിക്കത്ത്.സംഭവത്തില്‍ കെ.പി രാമനുണ്ണി പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. തപാലിലൂടെ ലഭിച്ച ഭീഷണി കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.
സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങലും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ലെന്നും ഇവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല എന്നും മുഖ്യന്ത്രി പറഞ്ഞു.