തലശേരി:∙സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരെ വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്. ആർഎസ്എസ്–ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനെന്നാണു റിപ്പോർട്ട്. വാളാങ്കിച്ചാൽ മോഹനൻ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷൻ എടുത്തിരിക്കുന്നത്. കതിരൂർ മനോജ്, ധർമടത്തെ രമിത്ത് വധസക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ജയരാജൻ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും സുരക്ഷ വർധിപ്പിക്കാനും പൊലീസ് സർക്കുലറിൽ നിർദേശമുണ്ട്. നിലവിൽ സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണു ജയരാജൻ. ജില്ലയിൽ മടങ്ങിയെത്തിയാലുടൻ സുരക്ഷ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, പൊലീസിന്റെ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് ബിജെപി ആരോപിച്ചു. വയൽക്കിളികളുടെ സമരം തകർക്കാൻ ശ്രമിച്ചതിന്റെ ജാള്യത മറച്ച് വയ്ക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ആരോപണവുമായി സിപിഎം രംഗത്ത് വരുന്നതെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ