തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. സൂര്യാഘാതമേറ്റ് തിരുവനന്തപുരത്തും കണ്ണൂരിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പാറശ്ശാലയിലും കണ്ണൂര്‍ വെള്ളോറയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ വെള്ളോറയിലാണ് വൃദ്ധനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാടൻ വീട്ടിൽ നാരായണനെയാണ് (67) വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റപാടുകളുണ്ട്. ശരീരത്തിൽ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് മൃതദേഹം. സൂര്യാഘാതമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ പോസ്റ്റുർട്ടം റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

Read More: ചൂടുകാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള വഴികള്‍

തിരുവനന്തപുരത്ത് പാറശ്ശാലയില്‍ ഒരാള്‍ കുഴ‍ഞ്ഞു വീണു മരിച്ചതും സൂര്യാഘാതം കാരണമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിൽ ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് അയിര സ്വദേശി കരുണാകരനെയാണ് (42) കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

അബോധവാസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടം നടപടികൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  പുനലൂരിൽ വച്ച് ആർഎസ്പി നേതാവിനും പൊള്ളലേറ്റു.

സംസ്ഥാനത്ത് പലയിടത്തും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. രാവിലെ 11 മണിമുതൽ ഉച്ചക്ക് മൂന്ന് മണിവരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.