തിരുവനന്തപുരം: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.
വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. കേരളമാകെ വേരുള്ള വിദ്യാർത്ഥി പ്രസ്ഥാനമായി എസ്എഫ്ഐയെ വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയിൽ അടിയുറച്ചു വിശ്വസിച്ച സഖാവ് തലശ്ശേരി കലാപകാലത്ത് ഹിന്ദു വർഗ്ഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നിൽ നിന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ പാർട്ടിയുടെ ചുമതലകൾ ഏറ്റെടുത്തു നിർവഹിക്കാൻ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ്. സഖാവ് സെക്രട്ടറി ആയിരുന്ന കാലം പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയമാണ്. ഈ വെല്ലുവിളികളെ നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളർത്തുന്നതിലും അതിനിർണായക പങ്കുവഹിച്ചു.
നിയമസഭാ സാമാജികനെന്ന നിലയിൽ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 1982 ലാണ് സഖാവ് തലശ്ശേരിയിൽ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയില്‍ എത്തുന്നത്. 1987 ലും 2001 ലും 2006 ലും 2011 ലും പിന്നീട് അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന വർഗ്ഗത്തിന്റെ ശബ്ദം നിയമസഭക്കകത്തുയർത്തുന്നതിൽ സഖാവ് കണിശത കാണിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ ആഭ്യന്തര- ടൂറിസം മന്ത്രിയെന്ന നിലയിൽ നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. പൊലീസ് സേനയെ ആധുനികവൽക്കരിക്കുന്നതിലും ജനകീയവൽക്കരിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ പ്രശംസനീയമാണ്.
“കോടിയേരിയുടെ വിദ്യാർത്ഥി കാലം മുതൽ അടുപ്പമുണ്ട്. ഊഷ്മളമായ സൗഹൃദവും കോമ്രേഡ്ഷിപ്പും ഞങ്ങൾക്കിടയിൽ ഈ കാലയളവിൽ വളർന്നു വന്നു. രോഗം മൂർച്ഛിച്ചതിനാൽ തനിക്ക് ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്നുകണ്ട് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല നിർബന്ധം പിടിക്കുകയുമായിരുന്നു അദ്ദേഹം. ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു,” മുഖ്യമന്ത്രി കുറിച്ചു.
അനുസ്മരിച്ച് രാഷ്ട്രീയ കേരളം
അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതവ് വി ഡി സതീശന്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല എം എല്‍ എ പറഞ്ഞു. വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂർവ്വം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാർട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത് എന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ സൗമ്യമായ മുഖമായിരുന്നു. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ വേര്‍പാട് സിപിഎമ്മിന് നികത്താന്‍ സാധിക്കാത്തതാണെന്നും സുധാകരന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയര്‍ന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎല്‍എ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.