തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം വിദേശവനിത ലിഗയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സഹോദരി എലിസയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് മരിച്ചത് ലിഗയാണെന്ന് സ്ഥിരീകരിച്ചത്.

കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടൽകാട്ടിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മാർച്ച് 14ന് ആണു കോവളത്തുനിന്ന് ലിഗയെ കാണാതാകുന്നത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ ഡിപ്രഷന് ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല.

ലിഗയുടേത് ആത്മഹത്യയാണെന്നാണ് പൊലീസ് ആദ്യം വാദിച്ചിരുന്നത്. എന്നാൽ ലിഗയുടേത് അസ്വാഭാവിക മരണമാണന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇതോടെയാണ് കൊലപാതക സാധ്യതയെക്കുറിച്ച് പൊലീസിന്റെ അന്വേഷണം തുടങ്ങിയത്.

കോവളം ബീച്ചിൽനിന്നും ആറ് കിലോമീറ്റര്‍ അകലെയുളള ഇത്തരമൊരു പ്രദേശത്ത് ലിഗ എങ്ങനെ എത്തിപ്പെട്ടു. ഈ സ്ഥലത്തെക്കുറിച്ച് വ്യക്തമായി പരിചയമുളള ഒരാളുടെ സഹായമില്ലാതെ അവൾക്കവിടെ എത്താൻ കഴിയില്ല. പകല്‍ സമയത്ത് പോലും പ്രദേശവാസികള്‍ എത്താന്‍ പേടിക്കുന്ന ഇവിടേക്ക് ലിഗ ഒരിക്കലും ഒറ്റയ്ക്ക് എത്തില്ല. ഇതൊക്കെയാണ് ലിഗയുടേത് കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണമെന്ന് ലിഗയുടെ സഹോദരി എലിസ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ