കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ജനറൽ ആശുപത്രിയിൽ വെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസറോട് ആരോഗ്യമന്ത്രി വിശദീകരണം തേടി. ഇത് വാർത്തയായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ ശുചീകരണ പ്രവർത്തനം കാര്യക്ഷമമല്ലെന്നും മാലിന്യം കുന്നുകൂട്ടിയ നിലയിലാണെന്നും വ്യക്തമായി.

അതേസമയം ആശുപത്രിയിലേക്കുള്ള നഗരസഭയുടെ വെള്ളത്തിലാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന വാദമാണ് ആശുപത്രി അധികൃതർ ഉന്നയിച്ചത്. ഇതോടെ ഇവിടം വേഗത്തിൽ ശുചീകരിക്കണമെന്നും എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്നും ഡിഎംഒ യോട് ആരോഗ്യമന്ത്രി ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.

രാവിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന കുഞ്ഞിനെ കുളിപ്പിക്കാൻ അമ്മ ശുചിമുറിയിലെ ടാപ് തുറന്നപ്പോഴാണ് സംഭവം. ബക്കറ്റിലെ വെള്ളത്തിൽ എലിയുടെ രോമവും വാലിന്റെ ഭാഗവും കണ്ടതോടെ ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് ആശുപത്രി അധികൃതർ മറുപടി നൽകിയത്. ഇതോടെ ബന്ധുക്കളുമായി ഇടപെട്ട് ഇവർ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ഡെങ്കിപ്പനി ബാധിച്ച രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്ന 24ാം വാര്‍ഡിലേക്കുള്ള വെളളത്തിലാണ് എലിയുടെ അവശിഷ്ടം കാണപ്പെട്ടത്‌. ഡെങ്കിപ്പനി ബാധിച്ച മുപ്പത് രോഗികളും എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് രണ്ട് കുട്ടികളും ആണ് ഈ വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്.

നഗരസഭ വിതരണം ചെയ്യുന്ന വെള്ളം ആശുപത്രിയിലെ ടാങ്കിൽ സംഭരിച്ച് ആവശ്യം പോലെ ഉപയോഗിക്കുകയാണ്. ആശുപത്രിയിലെ പുറകു ഭാഗത്തും മാലിന്യം കുന്നുകൂട്ടിവച്ച നിലയിലായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളടക്കം അടച്ചുറപ്പില്ലാത്ത പാത്രങ്ങളിൽ തുറന്നുവച്ച നിലയിലാണ് മാധ്യമപ്രവർത്തകർ കണ്ടെത്തിയത്. ഞായറാഴ്ച ആയിരുന്നതിനാൽ ആശുപത്രി സൂപ്രണ്ട് അവധിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ