തൃക്കുന്നപ്പുഴ: മൂന്ന് മാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തി. കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്കുശേഷം കാര്‍ത്തികപ്പള്ളി വലിയ കുളങ്ങരയിലെ ചതുപ്പില്‍ കണ്ടെത്തിയത്.
തുടക്കത്തില്‍ ആരുടേതാണെന്ന് വ്യക്തമല്ലായിരുന്നെങ്കിലും പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മൃതദേഹം സേവ്യറിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഒക്ടോബര്‍ 14നാണ് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്തുനിന്ന് സേവ്യറിനെ കാണാതായത്. ഹരിപ്പാട് വലിയകുളങ്ങരയില്‍ നിര്‍മാണ ജോലിക്കായിട്ടാണ് ഇയാള്‍ കന്യാകുമാരിയില്‍നിന്ന് എത്തിയത്. സഹ തൊഴിലാളികള്‍ക്കൊപ്പം ഇവിടെ താമസിച്ചായിരുന്നു സേവ്യര്‍ പണി ചെയ്തിരുന്നത്. ഇദ്ദേഹത്തെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണം ഉന്നയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Also Read: എല്ലാ ജില്ലകളിലും കോവിഡ് കണ്ട്രോള് റൂം ശക്തിപ്പെടുത്തി: കണ്ട്രോള് റൂം നമ്പറുകള്‍ ഇവ
എന്നാല്‍ പൊലീസിന് സേവ്യറിന്റെ തിരോധാനത്തില്‍ ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സേവ്യറിനെ തട്ടിക്കൊണ്ടു പോയതിനോ കൊലപ്പെടുത്തിയതിനോ തെളിവില്ലെന്ന വാദമായിരുന്നു പൊലീസ് മുന്നോട്ടുവച്ചത്. ഇതോടെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമായി.
കന്യാകുമാരിയില്‍നിന്നു സേവ്യറിന്റെ ഭാര്യയടക്കമുള്ള ബന്ധുക്കള്‍ നേരിട്ടെത്തിയാണ് തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.