scorecardresearch
Latest News

കട്ടിലിനടിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഭര്‍ത്താവിലേക്ക്, തിരച്ചില്‍ ഊര്‍ജിതം

അനുമോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി ബന്ധുക്കളെ ഭര്‍ത്താവ് അറിയിച്ചിരുന്നു

murder, idukki, ie malayalam

തൊടുപുഴ: കട്ടപ്പനയില്‍ യുവതിയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഭര്‍ത്താവ് വിജേഷിലേക്ക്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന പൊലീസ് അറിയിച്ചു. മ‍ൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകുകയുള്ളൂവെന്നുമാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. അനുമോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി ബന്ധുക്കളെ വിവരമറിയിച്ച ഭര്‍ത്താവ് വിജേഷിനേയും കാണാനില്ല.

അനുമോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെയാണ് വിജേഷ് വിളിച്ചറിയിച്ചത്. തുടര്‍ന്നാണ് കട്ടപ്പന പൊലീസില്‍ ഇവര്‍ പരാതി നല്‍കുന്നത്.

തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ബെല്ലടിക്കുന്നുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച ശേഷം അനുമോള്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന പേഴുംകണ്ടത്തെ വീട്ടിലേക്ക് ഇവര്‍ തിരിച്ചു.

എന്നാല്‍ വിജേഷ് ഏക മകളയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതോടെ പൂട്ടിയിട്ടിരുന്ന പേഴുംകണ്ടത്തെ വീട് തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ദരുടെ സഹായത്താലുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം വീട്ടില്‍ നിന്ന് മാറ്റുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dead body of lady found under bed in kattappana