കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിന്‍ പി.ജോസഫിന്റെ (26) മൃതദേഹമാണ് പുലര്‍ച്ചെ കണ്ടെത്തിയത്. തെന്മലയ്ക്ക് സമീപം ചാലിയക്കര തോട്ടില്‍ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം.

തന്റെ സഹോദരന്‍ ഷാനുവും സംഘവുമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് ഭാര്യ നീനു ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ വാഹനം ഇന്നലെ കണ്ടെത്തിയിരുന്നു. തെന്മലയ്ക്ക് സമീപത്തു വച്ചു തന്നെയായിരുന്നു വാഹനം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു നവരനെ അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന് തട്ടിക്കൊണ്ടു പോയത്. കോട്ടയം മാന്നാനത്തായിരുന്നു സംഭവം. അര്‍ധരാത്രി മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.

സംഭവത്തില്‍ പരാതിപെട്ടിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് കെവിന്റെ ഭാര്യ ആരോപിച്ചു. തന്റെ സഹോദരനാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയതെന്ന് നീനു പറഞ്ഞു. യുവാവിനൊപ്പം തട്ടിക്കൊണ്ടു പോയ സുഹൃത്ത് അനീഷിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ