scorecardresearch
Latest News

മധ്യപ്രദേശില്‍ പ്രളയത്തില്‍ മരിച്ച മലയാളി ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജന് വിട

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് പച് വഡിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജ് പ്രളയത്തില്‍ അകപ്പെട്ട് മരിച്ചത്

മധ്യപ്രദേശില്‍ പ്രളയത്തില്‍ മരിച്ച മലയാളി ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജന് വിട

കൊച്ചി: മധ്യപ്രദേശില്‍ പ്രളയത്തില്‍പ്പെട്ട് മരിച്ച മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ പട്നയില്‍ കണ്ടെത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് പച് വഡിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജ് പ്രളയത്തില്‍ അകപ്പെട്ട് മരിച്ചത്. പ്രളയമുന്നറിയിപ്പ് അറിയാതെ നിര്‍മല്‍ കാറില്‍ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായത്. അണക്കെട്ടു തുറന്നതിനെ തുടര്‍ന്നാണ് പ്രളയമുണ്ടായത്.

ആഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കാറില്‍ പോയ നിര്‍മല്‍ ശിവരാജിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെയാണ് പൂര്‍ണമായി തകര്‍ന്ന നിലയില്‍ നിര്‍മലിന്റെ കാര്‍ കണ്ടെത്തിയത്.കാര്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജബല്‍പൂരില്‍ സൈനിക ആശുപത്രിയില്‍ നഴ്സായ ലഫ്റ്റനന്റ് ഗോപിചന്ദ്രയാണു ഭാര്യ. കൂത്താട്ടുകുളം ഇലഞ്ഞി കെഎസ്ഇബി റിട്ട. അക്കൗണ്ട്സ് ഓഫിസര്‍ പെരുമുഴിക്കല്‍ പി.കെ.ശിവരാജന്റെയും സുബൈദയുടെയും മകനാണ്. സഹോദരി ഐശ്വര്യ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dead body of captain nirmal shivaraj brought home