മാനന്തവാടി: മാനന്തവാടിയില്‍ ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുംവിധം കൊലപാതകവും തെളിവ് നശിപ്പിക്കലും. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവര്‍ ചെയ്തതെന്നു കരുതുന്നു.

ഒരു മാസം മുമ്പ് ഈ മുറിയിൽ മണ്ണ് ഇളകിയ നിലയിൽ കണ്ടിരുന്നു. വീടുപണി എടുക്കുന്ന മണിയെന്ന ജോലിക്കാരൻ തറ നിരപ്പിൽനിന്ന് മണ്ണ് താഴ്ന്നുനിൽക്കുന്നത് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് ബുധനാഴ്ച കരാറുകാരനെ അറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണ് മാന്തി നോക്കിയപ്പോൾ ചാക്കിൽ കെട്ടിയ മൃതദേഹത്തിന് മുകളിൽ ചെങ്കല്ല് കയറ്റിവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ പി.കെ.മണിയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും തൊഴിലാളികളിൽനിന്നു മൊഴി ശേഖരിക്കുകയും ചെയ്തു.

മൃതദേഹം പുരുഷ‍​ന്റേതാണെന്നാണ്​ സംശയിക്കുന്നത്. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് പൊലീസി​​ന്റെ വിലയിരുത്തൽ. മറ്റെവിടെനിന്നോ കൃത്യം നടത്തിയതിനുശേഷം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതായിരിക്കാമെന്നാണ് കരുതുന്നത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.