കൊല്ലം: വീടിനുളളിൽ കളിച്ചു കൊണ്ടിരിക്കെ ദുരൂഹ സാഹചര്യത്തിൽ കാണാതായ ദേവനന്ദ (6)യുടെ മൃതദേഹം കണ്ടെത്തി. ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാട്ടിനു സമീപത്തെ പുഴയിൽ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.
ഇന്നലെ ഇത്തിക്കരയാറ്റിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടിയെ കാണാതായതിനു പിന്നാലെ പൊലീസ് നായ മണം പിടിച്ച് ആദ്യം എത്തിയത് ഇത്തിക്കരയാറ്റിലേക്കാണ്.
പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായി 20 മണിക്കൂർ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു.
ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്. ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് ഇന്നു രാവിലെ കേരളത്തിലെത്തി. തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ.
സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേരാണ് ദേവനന്ദയ്ക്കു വേണ്ടി കൈ കൂപ്പിയത്. നടൻ മോഹൻലാൽ അടക്കമുള്ളവർ ദേവനന്ദയെ കാണാതായ വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ, എല്ലാവരുടേയും പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമായി.