കൊച്ചി: എസ് ഹരീഷിന്റെ വിവാദ നോവലായ ‘മീശ’ തിരുത്തലുകളോടെയാണ് പ്രസിദ്ധീകരിച്ചതെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഡിസി ബുക്‌സ്. അത്തരത്തിലുള്ള പ്രചരണം തീര്‍ത്തും അസത്യവും അധാര്‍മ്മികവുമാണെന്ന് ഡിസി ബുക്‌സ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടേയും പ്രസ്താവനയിലൂടേയും ഡിസി ബുക്‌സ് നിലപാട് വ്യക്തമാക്കുകയായിരുന്നു.

”എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ വിവാദ ഭാഗം വിവാദം ഉയര്‍ത്തിയവരെ പ്രീണിപ്പിക്കാനായി പ്രസാധകന്‍ തിരുത്തി എന്ന രീതിയില്‍ ചില പൊതു മാധ്യമങ്ങളില്‍ നടക്കുന്ന ദുഷ്പ്രചാരണം തീര്‍ത്തും അസത്യവും അധാര്‍മ്മികവുമാണെന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി എക്കാലവും ഉറച്ച നിലപാട് എടുക്കുകയും വര്‍ഗീയതയ്‌ക്കെതിരെ അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങളും നഷ്ടങ്ങളും നേരിടുകയും ചെയ്തിട്ടുള്ള ഡി സി ബുക്‌സ് ഒരിക്കലും ഇത്തരമൊരു മാറ്റം വരുത്താന്‍ എഴുത്തുകാരനോട് നിര്‍ദ്ദേശിച്ചിട്ടില്ല. മാത്രമല്ല, അങ്ങനെ എഴുത്തുകാരനെ നിര്‍ബന്ധിച്ചു മാറ്റം വരുത്തിക്കൊണ്ട് ഡി സി ബുക്‌സ് വിവാദങ്ങള്‍ ഉയര്‍ത്തിയ ‘മീശ’ പോലെ ഒരു നോവല്‍ ഒരിക്കലും പ്രസിദ്ധീകരിക്കുകയില്ല. അത് ഞങ്ങളുടെ പ്രസാധനധാര്‍മ്മികതയ്ക്കുതന്നെ എതിരാണ്,” ഡിസി ബുക്‌സ് അറിയിച്ചു.

ഡി സി ബുക്‌സ് യാതൊരു വിധ തിരുത്തലും നോവലില്‍ വരുത്തിയിട്ടില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നു. . അങ്ങിനെയെങ്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത, ഇപ്പോള്‍ ചില തത് പരകക്ഷികള്‍ കൂടുതല്‍ വലിയ വിവാദമാക്കി നോവലില്‍ നിന്ന് അടര്‍ത്തിയെടുത്തു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന, നോവലിന്റെ 294-ാമത്തെ പേജ് പുസ്തകത്തില്‍ നില നില്‍ക്കുന്നത് ഡിസി ബുക്‌സ് യാതൊരുവിധ ഒത്തുതീര്‍പ്പുകളും തിരുത്തലുകളും എസ്. ഹരീഷിനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നതിന് വ്യക്തമായ തെളിവാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

”ആരും പതറിപ്പോകാവുന്ന ഒരു സന്ദര്‍ഭത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ച് സധൈര്യം നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡി. സി. തയ്യാറാവുകയാണ് ചെയ്തത്. അതിലൂടെ വെളുവിളികളെ നേരിടാന്‍ തയ്യാറായിക്കൊണ്ടു തന്നെ പ്രസാധകര്‍ പുലര്‍ത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ഡി സി ബുക്‌സ് ചെയ്തത്. ഒരിക്കലും പ്രബുദ്ധകേരളത്തിലെ എഴുത്തുകാര്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ വന്നു കൂടാ എന്ന ധാര്‍മികമായ പ്രതിജ്ഞാബദ്ധതയാണ് അതിലൂടെ ഡി സി ബുക്‌സ് പ്രകടിപ്പിച്ചത്.” എന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എഴുത്തുകാരന്‍ സാക്ഷി.

എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ വിവാദ ഭാഗം വിവാദം ഉയര്‍ത്തിയവരെ പ്രീണിപ്പിക്കാനായിപ്രസാധകന്‍ തിരുത്തി എന്ന രീതിയില്‍ ചില പൊതു മാധ്യമങ്ങളില്‍ നടക്കുന്ന ദുഷ്പ്രചാരണം തീര്‍ത്തും അസത്യവും അധാര്‍മ്മികവുമാണെന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി എക്കാലവുംഉറച്ച നിലപാട് എടുക്കുകയും വര്‍ഗീയതയ്‌ക്കെതിരെ അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങളും നഷ്ടങ്ങളും നേരിടുകയും ചെയ്തിട്ടുള്ള ഡി സി ബുക്‌സ് ഒരിക്കലും ഇത്തരമൊരു മാറ്റം വരുത്താന്‍ എഴുത്തുകാരനോട് നിര്‍ദ്ദേശിച്ചിട്ടില്ല. മാത്രമല്ല, അങ്ങനെ എഴുത്തുകാരനെ നിര്‍ബന്ധിച്ചു മാറ്റം വരുത്തിക്കൊണ്ട് ഡി സി ബുക്‌സ് വിവാദങ്ങള്‍ ഉയര്‍ത്തിയ ‘മീശ’ പോലെ ഒരു നോവല്‍ ഒരിക്കലും പ്രസിദ്ധീകരിക്കുകയില്ല. അത് ഞങ്ങളുടെ പ്രസാധനധാര്‍മ്മികതയ്ക്കുതന്നെ എതിരാണ്.

ഡി സി ബുക്‌സ് യാതൊരു വിധ തിരുത്തലും നോവലില്‍ വരുത്തിയിട്ടില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നു. . അങ്ങിനെയെങ്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത, ഇപ്പോള്‍ ചില തത് പരകക്ഷികള്‍ കൂടുതല്‍ വലിയ വിവാദമാക്കി നോവലില്‍ നിന്ന് അടര്‍ത്തിയെടുത്തു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന, നോവലിന്റെ 294-ാമത്തെ പേജ് പുസ്തകത്തില്‍ നില നില്‍ക്കുന്നത് ഡി സി ബുക്‌സ് യാതൊരുവിധ ഒത്തുതീര്‍പ്പുകളും തിരുത്തലുകളും എസ്. ഹരീഷിനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നതിന് വ്യക്തമായ തെളിവാണ്. മറിച്ച് ആരും പതറിപ്പോകാവുന്ന ഒരു സന്ദര്‍ഭത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ച് സധൈര്യം നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡി. സി. തയ്യാറാവുകയാണ് ചെയ്തത്. അതിലൂടെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറായിക്കൊണ്ടു തന്നെ പ്രസാധകര്‍ പുലര്‍ത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ഡി സി ബുക്‌സ് ചെയ്തത്. ഒരിക്കലും പ്രബുദ്ധകേരളത്തിലെ എഴുത്തുകാര്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ വന്നു കൂടാ എന്ന ധാര്‍മികമായ പ്രതിജ്ഞാബദ്ധതയാണ് അതിലൂടെ ഡി സി ബുക്‌സ് പ്രകടിപ്പിച്ചത്.

ഇവിടെ ഒരു കാര്യം വിമര്‍ശകരുടെ ശ്രദ്ധയില്‍ പെടാതെ പോയി . ‘മാതൃഭൂമി’യുള്‍പ്പെടെഎല്ലാ ആനുകാലികങ്ങളിലും ഖണ്ഡശ: പ്രസിദ്ധീകരിച്ച ഏറെക്കുറെ എല്ലാ നോവലുകളും പുസ്തക രൂപത്തിലാക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താക്കള്‍ അതില്‍ മിനുക്കുപണികള്‍ നടത്താറുണ്ട്. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ തുടങ്ങി എത്രയോ പ്രസിദ്ധ കൃതികള്‍ ഓരോ പതിപ്പിലും നിരവധി തിരുത്തലുകള്‍ക്ക് വിധേയമായ രചനകളാണ്. ബഷീറിന്റെ പല രചനകളും നിരവധി തവണ അദ്ദേഹം മിനുക്കിയെടുത്തിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെന്ന് വിശേഷിപ്പിക്കുന്ന ‘ഇന്ദുലേഖ’ ആദ്യ പതിപ്പിനു ശേഷം പരിഷ്‌കാരങ്ങള്‍ വരുത്തിയ കൃതിയാണ്. ടാഗോര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ രചനകള്‍ ഈ രീതിയില്‍ തിരുത്തിയവരാണ്. കുമാരനാശാന്റെ കയ്യെഴുത്തുപ്രതികള്‍ ഈ രീതിയില്‍ ഗവേഷണപഠനത്തിനു തന്നെ വിധേയമായിട്ടുണ്ട്. ഇത്തരം മാറ്റങ്ങള്‍, കയ്യെഴുത്തുപ്രതികളുടെ തലത്തിലോ പ്രസിദ്ധീകരണ ശേഷമോ ലോകത്തിലെ എല്ലാ ഭാഷകളിലെയും എഴുത്തുകാര്‍ ചെയ്യാറുള്ള കാര്യമാണ്. പുനര്‍ വിചാരങ്ങളുടെ ഫലമായോ രചനയുടെ ഭാവ – ശില്പ പൂര്‍ണ്ണതയ്ക്കു വേണ്ടിയോ തങ്ങളുടെ സമീപനം കൂടുതല്‍ വ്യക്തമാക്കുനതിന്നു വേണ്ടിയോ എല്ലാമാണ് എഴുത്തുകാര്‍ ഇത്തരം മിനുക്കുപണികള്‍ നിര്‍വഹിക്കുന്നത്. ഇത് വളരെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായ ഒരു പ്രവര്‍ത്തനമാണ്, എന്നല്ല, ഇതും എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ തന്നെ ഒരു പ്രധാന ഭാഗവുമാണ്. .പരമ്പരയായി പ്രസിദ്ധീകരിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയാതെ പോയ ഭാഗങ്ങള്‍ പുസ്തകമാക്കുമ്പോള്‍ തിരുത്തിയിട്ടില്ലാത്ത എഴുത്തുകാര്‍ കുറവാണ്. എഴുത്തുകാര്‍ വരുത്തുന്ന ഈ മാറ്റങ്ങള്‍, അവരുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി പ്രസാധകര്‍ അംഗീകരിക്കുകയും പതിവാണ്. അതിന്റെ പേരില്‍ പ്രസാധകരോ എഴുത്തുകാരോ പഴി കേട്ട ചരിത്രമില്ല. മറിച്ച്മാറ്റങ്ങള്‍ ആഹ്ലാദത്തോടെ സ്വീകരിക്കപ്പെട്ട ചരിത്രമുണ്ട് താനും.
ഞങ്ങള്‍ വീണ്ടും വീണ്ടും പറയട്ടെ, ഞങ്ങള്‍ എന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനൊപ്പമായിരുന്നു; ഇനിയും ആയിരിക്കുകയും ചെയ്യും.

ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.