കോഴിക്കോട്: മുഴുവന്‍ എ പ്ലസ് എന്നത് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ അത്ര ആശ്ചര്യപ്പെടുത്തുന്ന കാര്യമല്ലെങ്കിലും റോക്ഷത് ഖാത്തൂന്റെ കാര്യത്തില്‍ അത് അല്‍പ്പം വ്യത്യസ്തമാണ്. മലയാളം ഉള്‍പ്പെടെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ പെണ്‍കുട്ടി മലയാളിയല്ല.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ റോക്ഷത് ഖാത്തൂന്, കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ഗവ. എച്ച്എസ്എസിന്റെ ചരിത്രത്തില്‍ മുഴുവന്‍ എ പ്ലസ് ഗ്രേഡും നേടിയ ഒരേയൊരു വിദ്യാര്‍ഥിയാണ്. മുഴുവന്‍ എ പ്ലസും നേടിയതില്‍ ലഭിച്ചതില്‍ അതീവ സന്തുഷ്ടയാണെന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും റോക്ഷത് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യങ്ങളും തേടി 12 വര്‍ഷം മുന്‍പാണ് റോക്ഷതിന്റെ കുടുംബം ബംഗാളില്‍നിന്ന് കേരളത്തിലെത്തിയത്. കോഴിക്കോട് ചേവരമ്പലതെത സിഎച്ച് ഹൗസിങ് കോളനിയിലാണ് ഇപ്പോള്‍ താമസം. റോക്ഷതിന്റെ പിതാവ് എസ്കെ റഫീഖ് വ്യവസായ തൊഴിലാളിയാണ്. അമ്മ ഝുമ ബീബി വീടുകളില്‍ ജോലിചെയ്യുന്നു.
”ഒന്നാം ക്ലാസ് വരെ ഞാന്‍ ബംഗാളിലാണ് പഠിച്ചത്. തുടര്‍ന്ന് ഇവിടേക്കു മാറി. മലയാളം മനസിലാക്കാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കളുമായി മലയാളത്തില്‍ സംസാരിക്കുന്നത് എന്നെ വളരെയധികം സഹായിച്ചു. ഇതോടൊപ്പം സ്കൂളിലും പുതുതായി ആരംഭിച്ചു. പഠനമാധ്യമം മലയാളമായിട്ടും എനിക്ക് നല്ല ഗ്രേഡുകള്‍ നേടാന്‍ കഴിഞ്ഞു. മലയാളം നന്നായി സംസാരിക്കാന്‍ കഴിഞ്ഞതോടെ വായനയും എഴുത്തും വളരെ എളുപ്പമായി,” റോക്ഷത് പറഞ്ഞു.
അധ്യാപകര്‍ തന്നെ വളരെയധികം സഹായിച്ചതായി റോക്ഷത് പറയുന്നു. ”എന്നെ അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. ഹിന്ദിയാണ് പ്രിയപ്പെട്ട വിഷയം.”

റോക്ഷതിന്റെ സഹോദരി നജിയ ഖാത്തുനും ഇതേ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് എസ്എസ്എല്‍സിക്ക് ഒമ്പത് എ പ്ലസ് ഗ്രേഡ് നേടിയ നജിയ പ്ലസ് ടു പൂര്‍ത്തിയാക്കി. ഇരുവരും മലയാളത്തില്‍ പ്രാവീണ്യമുള്ളവരാണെങ്കിലും റഫീഖും ഝുമയും ഇപ്പോഴും മലയാളത്തോട് മല്ലിടുകയാണ്.
”റോക്ഷതിന് ഈ ഗ്രേഡ് ലഭിച്ചതോടെ ഞാന്‍ ചന്ദ്രനിലാണ്. അവള് വളരെ കഠിനാധ്വാനം ചെയ്തതിനാല്‍ അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അവള് രാത്രി വൈകിയും അതിരാവിലെ എഴുന്നേറ്റും പഠിക്കുമായിരുന്നു,” അമ്മ ഝുമ ബീബി പറഞ്ഞു.
”നിങ്ങളുടെ ഒരേയൊരു ജോലി പഠനമാണെന്നും പണം ഉള്‍പ്പെടെയുള്ള ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ലെന്നുമാണ് അവരോട് എപ്പോഴും ഞാനും ഭര്‍ത്താവും പറയുന്നത്. അതിനു ഞങ്ങളുണ്ട്. ജീവിതത്തില്‍ പിന്നീട് എന്തുചെയ്യണമെന്ന് അവര്‍ക്ക് തിരഞ്ഞെടുക്കാനാകും. എന്തുതന്നെയായാലും ഞങ്ങള്‍ അവരെ പിന്തുണയ്ക്കും,” ഝുമ പറഞ്ഞു.
”ഇവിടെയെത്തിയ ആദ്യ ദിവസങ്ങളില്‍ ഞങ്ങള്‍ക്കു വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഭാഷ അറിയില്ലായിരുന്നു, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. കടങ്ങള്‍ തീര്‍ക്കേണ്ടതിനാലാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എല്ലാവരുടെയും സഹായത്തോടെ ഞങ്ങള്‍ക്കു ജോലി കണ്ടെത്താന്‍ കഴിഞ്ഞു. കടങ്ങള്‍ തീര്‍ത്തു. ഇപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ചെറിയ വീട് പണിയുന്നു.”
Also Read: ഇരട്ടി ചോദ്യം പകുതി ഉത്തരം, കാലത്തിനനുസരിച്ച് മാറിയ എസ് എസ് എൽ സി പരീക്ഷയും ഫലവും
” ഏതാനും വര്‍ഷങ്ങള്‍ ഞങ്ങള്‍ അവരെ വീട്ടില്‍ പഠിപ്പിച്ചു. പിന്നീട് ഞങ്ങളുടെ അയല്‍വാസികളില്‍ ഒരാള്‍ അവരെ സ്കൂളില്‍ ചേര്‍ക്കാന്‍ സഹായിച്ചു. അന്നുമുതല്‍ രണ്ടു പെണ്മക്കളും ആ സ്കൂളില്‍ പഠിക്കുന്നു. അധ്യാപകര്‍ വളരെ നല്ലവരും ഞങ്ങളോട് ദയയുള്ളവരുമാണ്, ”ഝുമ പറഞ്ഞു.
റോക്ഷത് മികച്ച ഭാവിയുള്ള വിദ്യാര്‍ഥിയാണെന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജിഎച്ച്എസ്എസ് അധ്യാപകന് സുരേഷ് പറഞ്ഞു. ”ഏഴ് വയസുള്ളപ്പോള്‍ ഒന്നാം ക്ലാസിലാണ് അവളെ ഇവിടെ ചേര്‍ത്തത്. അവളുടെ പ്രായവും മാനസിക ശേഷിയും കണക്കിലെടുത്ത് ഒരു പരീക്ഷയിലൂടെ അടുത്ത വര്‍ഷം നാലാം ക്ലാസിലേക്ക് ഇരട്ട പ്രമോഷന് നല്കി. പരീക്ഷയ്ക്കുശേഷം സഹോദരിക്ക് ഇരട്ട പ്രമോഷനും ലഭിച്ചു,”സുരേഷ് പറഞ്ഞു.
”റോക്ഷതും സഹോദരിയും മിടുക്കികളാണ്. അവര്‍ വളരെ വേഗത്തില്‍ ഭാഷ പഠിച്ചെടുത്തു. നൃത്തം, ചിത്രരചന എന്നിവയുള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളിലും റോക്ഷത് വളരെ സജീവമാണ്. ഹിന്ദി കവിതാ ചൊല്ലലിലും പ്രസംഗത്തിലും അവള് ഉപജില്ലാ കലോത്സവത്തില്‍ സ്കൂളിനെ പ്രതിനിധീകരിച്ചു,” അദ്ദേഹം പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കി ബാങ്ക് ജീവനക്കാരിയാകുകയാണ് റോക്ഷത് ഖാതുന്റെ സ്വപ്നം. ഇതിനായി ഇതേ സ്കൂളില്‍ പ്ലസ് ടു കൊമേഴ്സ് ഗ്രൂപ്പിനു ചേര്‍ന്നു പഠിക്കാനാണ് അവള് ആഗ്രഹിക്കുന്നത്.