തിരുവനന്തപുരം: അമേരിക്കയിൽനിന്നും ഒരു വർഷത്തിനുശേഷം മുംബൈയിൽ താമസിക്കുന്ന അമ്മയെ കാണാനെത്തിയ മകൻ കണ്ടത് അമ്മയുടെ അസ്ഥികൂടമാണെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ അതേ സംഭവം നമ്മുടെ കേരളത്തിലും നടന്നിരിക്കുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന അച്ഛനെ കാണാനെത്തിയ മകൾ കണ്ടത് സോഫയിൽ കിടക്കുന്ന അച്ഛന്റെ അസ്ഥികൂടത്തെയാണ്. റിട്ടയേർഡ് ദന്തൽ കോളേജ് അധ്യാപകൻ കെ.പി.രാധാകൃഷ്ണനാണ് (70) ദാരുണമായി മരിച്ചത്.

പഴയ മെഡിക്കൽ കോളേജ് റോഡിലുളള വീട്ടിൽ ഒറ്റയ്ക്കാണ് രാധാകൃഷ്ണൻ താമസിച്ചിരുന്നത്. പിജി മെഡിക്കൽ വിദ്യാർഥിയായ മകൾ വിവാഹിതയായി കോട്ടയത്ത് താമസിക്കുകയാണ്. രാധാകൃഷ്ണന്റെ ഭാര്യ അംബിക മകൾക്കൊപ്പമാണ്. രാധാകൃഷ്ണനും ഭാര്യയും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. ഇടയ്ക്ക് വല്ലപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്. നാലു മാസങ്ങൾക്കു മുൻപാണ് അവസാനമായി സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ മകൾ രാധാകൃഷ്ണനെ കാണാനായി വീട്ടിൽ വന്നിരുന്നു. എന്നാൽ വാതിൽ അടഞ്ഞു കിടക്കുന്നതുകണ്ട് തിരികെ പോയി.

കഴിഞ്ഞ ഞായറാഴ്ച മകൾ വീണ്ടും വീട്ടിലെത്തി. ബില്ലുകളും കത്തുകളും വാതിൽക്കൽ കിടക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി. ഉടൻതന്നെ മെഡിക്കൽ കോളേജ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വാതിൽ പൊളിച്ചപ്പോഴാണ് സോഫയിൽ രാധാകൃഷ്ണന്റെ അസ്ഥികൂടം കണ്ടത്. രാധാകൃഷ്ണൻ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നതെന്നും അയൽവാസികളുമായി വളരെ അപൂർവമായിട്ടേ സംസാരിക്കാറുളളൂവെന്നും മെഡിക്കൽ കോളേജ് പൊലീസ് എസ്എച്ച്ഒ ഗിരിലാൽ. ബി പറഞ്ഞു. പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ സ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ