കൊച്ചി: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാറിനു സമീപമുള്ള ആനച്ചാലില്‍ മൂന്നു നിലയുളള ഹോംസ്‌റ്റേ കെട്ടിടം തകര്‍ന്നു വീണതിനു പിന്നാലെ മേഖലയില്‍ സ്ഥിതിചെയ്യുന്ന അപകട സാധ്യതയുള്ള റിസോര്‍ട്ടുകളുടെയും ഹോംസ്‌റ്റേകളുടെയും കണക്ക് റവന്യൂ വകുപ്പു ശേഖരിച്ചു തുടങ്ങി. ദേവികുളം സബ് കലക്‌ടർ വി.പ്രേംകുമാറിന്റെ നിർദ്ദേശപ്രകാരമാണ് റിസോര്‍ട്ടുകളുടെ കണക്കെടുക്കുന്നതെന്നാണ് സൂചന. പ്രദേശത്തെ വില്ലേജ് ഓഫീസര്‍മാര്‍ ശേഖരിച്ച കണക്ക് ദേവികുളം തഹസീല്‍ദാര്‍ക്കു കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കനത്ത മഴയില്‍ ആനച്ചാലിനു സമീപം ആല്‍ത്തറയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീണത്. വീടു നിര്‍മിക്കാനായി വാങ്ങിയ എന്‍ഒസിയുടെ മറവില്‍ ഹോംസ്‌റ്റേ കെട്ടിടം നിര്‍മിക്കുകയായിരുന്നുവെന്നും ഇത്തരത്തില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നുവീണതെന്നുമാണ് റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നത്. കെട്ടിടം തകര്‍ന്നു വീണതിനെത്തുടര്‍ന്ന് സമീപത്തുള്ള പത്തോളം കെട്ടിടങ്ങള്‍ക്കും റവന്യൂ വകുപ്പ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. തുടര്‍ന്നു റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്നതും നിര്‍മാണം പൂര്‍ത്തിയാക്കിയവയുമായ നിരവധി ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും അപകട ഭീഷണി ഉയര്‍ത്തുന്നവയാണെന്നു കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ആനച്ചാല്‍ മേഖലയിലുളള റിസോര്‍ട്ടുകളുടെ കണക്കെടുക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.

ആനച്ചാല്‍ ഈട്ടി സിറ്റിയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു വീടിനുള്ളിലേക്കു മണ്ണ് ഒഴുകിയെത്തിയപ്പോള്‍

കണക്കെടുത്തതിനു ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കാനാണിപ്പോള്‍ റവന്യൂ വകുപ്പ് തീരുമാനം. കുത്തനെയുള്ള ഇറക്കങ്ങളിലും ചരിവുകളിലും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും നിര്‍മിച്ചിട്ടുള്ള ഇവിടെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഏറെയാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ആനച്ചാലിനു സമീപം ഈട്ടിസിറ്റിയില്‍ ഉരുൾപൊട്ടി രണ്ടേക്കറോളം കൃഷിയിടം നശിക്കുകയും മൂന്നു വീടുകളിലേക്കു കല്ലും മണ്ണും ഒഴുകിയെത്തുകയും ചെയ്‌തിരുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഇവിടെ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനം പോലും ഇടാന്‍ സൗകര്യമില്ലാത്ത രീതിയിലാണ് പല കെട്ടിടങ്ങളും നിര്‍മിച്ചിട്ടുള്ളത്, ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook